ആലപ്പുഴ: 'കേരളത്തിലുള്ളവരുടെ കയ്യില്‍ ശരിക്കും പണവും സമ്പാദ്യവുമുണ്ട്, അവര്‍ ഒരുപാട് സ്വര്‍ണം വാങ്ങുകയും വീട്ടില്‍ സൂക്ഷിക്കുകയും ചെയ്യുന്നവരാണ്'. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ മോഷണത്തിനെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം പൊലീസിന്റെ പിടിയിലായ ശേഷം ചോദ്യം ചെയ്യലില്‍ നടത്തിയ വെളിപ്പെടുത്തലാണിത്. ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തമിഴ്‌നാട്ടില്‍ നിന്നുള്ള മോഷണ സംഘം സജീവമാകുന്നുവെന്നാണ് സൂചന.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഒരു വീട്ടില്‍ നടന്ന മോഷണ ശ്രമമാണ് കേരളത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അപകടകാരികളായ കുറുവ സംഘം എത്തിയെന്ന സംശയം ബലപ്പെടാന്‍ കാരണം. മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുറുവ സംഘത്തില്‍പ്പെട്ടവരെന്ന് സംശയിക്കുന്ന യുവാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചിരുന്നു. മുഖം മറച്ച് അര്‍ദ്ധനഗ്‌നരായ രണ്ട് യുവാക്കളാണ് ദൃശ്യങ്ങളിലുള്ളത്.
പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുറുവ സംഘം ആണെന്ന സംശയത്തിന് ബലം നല്‍കുന്നത്. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷനും ജാഗ്രതാ നിര്‍ദേശം നല്‍കിയ പൊലീസ് പരിശോധനയും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. കായികശക്തിയുള്ളവരാണ് കുറുവ സംഘം. അതുകൊണ്ട് തന്നെ മോഷണശ്രമത്തെ എതിര്‍ത്താല്‍ തിരിച്ച് ആക്രമിക്കാനും വേണ്ടിവന്നാല്‍ വകവരുത്താനും ഈ സംഘം മടിക്കാറില്ല.
കവര്‍ച്ചയ്ക്ക് ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവര്‍ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കില്‍ പാലങ്ങള്‍ക്കടിയിലോ ആണ് തമ്പടിക്കുക.ചെറുപ്പക്കാര്‍ മുതല്‍ 55 പിന്നിട്ടവരും സംഘത്തിലുണ്ട്. അഭ്യാസങ്ങള്‍ പഠിച്ച, പെട്ടെന്ന് കീഴ്‌പ്പെടുത്താന്‍ കഴിയാത്ത ആളുകളാണ് ഇവര്‍. ഇതുവരെ തമിഴ്നാട്ടില്‍ മാത്രമാണ് ഇവര്‍ കവര്‍ച്ച നടത്തിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് കുറുവാ സംഘത്തില്‍പ്പെട്ടവര്‍ പിടിയിലായിരുന്നു.
തമിഴ്‌നാട്ടിലെ നിരവധി പ്രദേശങ്ങളില്‍ പ്രത്യേകിച്ച് അതിര്‍ത്തി മേഖലകളാണ് ഇവരുടെ കേന്ദ്രങ്ങള്‍. മോഷണം കുലത്തൊഴിലാക്കിയ ഇവര്‍ വിവിധ ആയോധന കലകളും അഭ്യസിച്ചവരാണ്. മോഷണത്തില്‍ നിന്നും ആക്രമണത്തില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ ഇവര്‍ക്ക് താമസയോഗ്യമായ വീടുകള്‍ ഉള്‍പ്പെടെ സൗജന്യമായി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മോഷണവും ആക്രമണവും ഇന്നും തുടരുകയാണ് ഈ സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |