നേട്ടങ്ങൾ പലതും കൈവരിച്ചെങ്കിലും ഇനിയും മുന്നേറാനുണ്ടെന്ന ഉത്തമ ബോദ്ധ്യത്തോടെ നവകേരള നിർമ്മിതിക്കായുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണ്. വ്യവസായ വികസനം ത്വരിതപ്പെടുത്തുക, കാർഷിക നവീകരണം സാദ്ധ്യമാക്കുക, തദ്ദേശീയമായി തൊഴിലുകൾ സൃഷ്ടിക്കുക, മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കുക, ജീവിതശൈലീ രോഗങ്ങൾ തടയുക, അതിവേഗ യാത്രാ സംവിധാനങ്ങളൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ഇനി പ്രവർത്തിക്കേണ്ടതുണ്ട്. ഭദ്രമായ ക്രമസമാധാന നില, സമാധാനപരമായ സാമൂഹ്യജീവിതം എന്നിവ എട്ടരവർഷം കൊണ്ട് സംസ്ഥാനത്തിന്റെ പ്രത്യേകതയായി. വികസനത്തിന്റെ പുതിയ കുതിപ്പിലേക്ക് കേരളം കടക്കുകയാണ്.
സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷം പൂർത്തിയായി. 1957ൽ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതൽ പിന്നീടിങ്ങോട്ട് വന്ന പുരോഗമന സർക്കാരുകളെല്ലാം കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയിൽ അവയുടേതായ പങ്കുവഹിച്ചിട്ടുണ്ട്. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സർക്കാർ ആശുപത്രികളിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത, പൊതുവിദ്യാലയങ്ങൾ ഇടിച്ചുനിരത്തപ്പെടുന്ന, വികസന പദ്ധതികളെല്ലാം മുടങ്ങിപ്പോകുന്ന അവസ്ഥയായിരുന്നു. നാഷണൽ ഹൈവേ അതോറിട്ടിയും ഗെയിലുമെല്ലാം പ്രവർത്തനങ്ങൾ നിറുത്തി മടങ്ങിപ്പോയി. ഈ ഘട്ടത്തിൽ ജനങ്ങൾക്കുണ്ടായ നൈരാശ്യത്തെ മറികടക്കാനുതകുന്ന നടപടികൾ കഴിഞ്ഞ സർക്കാർ കൈക്കൊണ്ടു.
പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയർത്തി. പൊതുജനാരോഗ്യസംവിധാനങ്ങളെ രോഗീസൗഹൃദമാക്കി. മുടങ്ങിക്കിടന്ന വികസന പദ്ധതികൾ പൂർത്തിയാക്കി. ജലാശയങ്ങളെയും കൃഷിയിടങ്ങളെയും വീണ്ടെടുത്തു. ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാൻ സർക്കാരിന് കഴിഞ്ഞതിനാലാണ് ജനങ്ങൾ തുടർഭരണം നൽകിയത്. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചാണ് ഈ സർക്കാരും മുന്നോട്ടു പോകുന്നത്.
പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ, അവയിൽ നടപ്പാക്കിയവയും നടപ്പാക്കാനുള്ളവയും ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് കാർഡുകൾ പുറത്തിറക്കി പുതിയ ജനാധിപത്യ മാതൃക തീർത്തു. വാതിൽപ്പടി സേവനങ്ങൾ ലഭ്യമാക്കി. പി.എസ്.സിയിലൂടെ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനങ്ങൾ നടത്തി. 30,000 ത്തോളം തസ്തികകൾ സൃഷ്ടിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും മെഷീൻ ലേണിംഗിനുമെല്ലാം മേൽക്കൈവരുന്ന കാലമാണിത്. രാജ്യത്തെ ആദ്യത്തെ ജെൻ- എ.ഐ കോൺക്ലേവിന് കേരളം വേദിയായി. 2025ൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാം.
വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാവുകയാണ്. ദേശീയപാതാവികസനം പൂർത്തീകരണത്തോടടുക്കുന്നു. തീരദേശ, മലയോര ഹൈവേ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇടമൺ- കൊച്ചി പവർ ഹൈവേ പൂർത്തിയാക്കി. ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ഡി.പി.ആർ പ്രവർത്തനങ്ങൾ ആരംഭിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ ഉത്പാദനം, മെഡിക്കൽ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനുള്ള കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യവും യാഥാർത്ഥ്യമാവുകയാണ്.
ലൈഫിലൂടെ 4,03,811 വീടുകൾ
2016 മുതൽ ആകെ 3,57,000 പട്ടയങ്ങൾ വിതരണം ചെയ്തു. ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുന്നതിനായി
ആവിഷ്കരിച്ച 'ലൈഫ് മിഷൻ" മുഖേന 2016ന് ശേഷം 4,03,811 വീടുകൾ പൂർത്തിയാക്കി. അവയിൽ 1,41,000ലധികം വീടുകൾ ഈ സർക്കാരിന്റെ കാലത്ത് പൂർത്തീകരിച്ചു.
കേന്ദ്രം അവഗണിക്കുന്നു
നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തിന്റെ പ്രത്യേക റെയിൽവേ സോൺ, എയിംസ് ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾ അവഗണിച്ചു. ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രം കൈ കടത്തുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിന്റെ നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ സമരത്തിന് നേതൃത്വം നൽകിയപ്പോൾ അതിന് തുരങ്കം വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. ഹൈക്കോടതിയും നിയമസഭയും ആവശ്യപ്പെട്ടിട്ടും കേന്ദ്ര സഹായം നൽകാൻ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |