കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സഞ്ചരിച്ച നവകേരള ബസ് സൂപ്പർ ഡീലക്സ് എ സി ബസായി വീണ്ടും റോഡിലിറങ്ങുമെന്ന് റിപ്പോർട്ടുകൾ. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ബസ് നിരത്തിലിറങ്ങുമെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എയർകണ്ടിഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഇത് 38 സീറ്റുകളാക്കി ഉയർത്തും. ശുചിമുറി അടക്കമുള്ളവ പൊളിച്ചുമാറ്റിയായിരിക്കും സീറ്റുകളാക്കുകയെന്നാണ് വിവരം. ഒരു കോടി രൂപയ്ക്ക് വാങ്ങിയ നവകേരള ബസിൽ ഇത്തരം മാറ്റങ്ങൾ വരുത്താൻ ഏകദേശം പത്ത് ലക്ഷം രൂപ ചെലവാകും. ബസ് ഇപ്പോൾ ബംഗളൂരുവിലെ വർക്ക് ഷോപ്പിലാണുള്ളത്.
നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതൽ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സർവീസ് നടത്തിയിരുന്നു. സെസ് അടക്കം 1171 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
ബസിൽ ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ സർവീസ് മുടങ്ങി.നവകേരള ബസ് അവസാനമായി ജൂലായിലാണ് സർവീസ് നടത്തിയത്. പിന്നീട് കുറച്ചുനാൾ കോഴിക്കോട് കെ എസ് ആർ ടി സി റീജിയണൽ വർക്ക് ഷോപ്പിൽ കട്ടപ്പുറത്ത് പൊടിപിടിച്ച് കിടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |