ഇടുക്കി: ഭാര്യയെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ച ഭർത്താവിനെ പിടികൂടി. ഇടുക്കി പ്രകാശ് സിറ്റി സ്വദേശിയായ മാടപ്രയിൽ സുമജൻ എന്നുവിളിക്കുന്ന പുന്നത്താനിയിൽ കുര്യനെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ചെറിയ തോതിൽ മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു ഭാര്യ ആലീസിനെ പ്രതി തലയ്ക്കും കഴുത്തിനും ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ചത്. ഇവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് ദിവസത്തോളമായി കുര്യൻ മാനസിക രോഗത്തിനായുളള മരുന്ന് കഴിച്ചിരുന്നില്ല, സംഭവ ദിവസം രാവിലെ കട്ടപ്പനയിലെ ആശുപത്രിൽ പോയി മടങ്ങിയെത്തിയ ശേഷം ഇയാൾ കിടന്നുറങ്ങി. രാത്രി ഭക്ഷണം കഴിക്കാനായി ആലീസ് വിളിച്ചപ്പോഴാണ് ഉണർന്നത്. തുടർന്ന് കുര്യൻ വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഭാര്യയെ പലതവണ വെട്ടുകയായിരുന്നു. മുറിവേറ്റ ആലീസ് വീട്ടിൽ നിന്നിറങ്ങിയോടി തൊട്ടടുത്ത വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരാണ് ആലീസിനെ അശുപത്രിയിലാക്കിയത്. സംഭവത്തിനുശേഷം വീട്ടിൽ നിന്നും രക്ഷപ്പെട്ട കുര്യനായി രാത്രി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ കുര്യൻ വീട്ടിലെത്തിയതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ നിന്നും വെട്ടാനുപയോഗിച്ച വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |