പാലക്കാട്: പാലക്കാട് നഗരസഭയിലെ പ്രധാന വോട്ട് ബാങ്കാണ് മൂത്താൻ സമുദായം. ഇത്തവണയും മൂത്താൻ സമുദായം ബിജെപിക്ക് പിന്തുണ നൽകാനാണ് സാദ്ധ്യത എന്നാണ് വിലയിരുത്തൽ. ആകെയുള്ള വോട്ടിന്റെ 90 ശതമാനവും തങ്ങൾക്ക് ലഭിക്കുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. വടക്കന്തറ, മേൽത്തറ, കൽപ്പാത്തി, യാക്കര, മേപ്പറമ്പ് എന്നിവിടങ്ങളിലായാണ് മൂത്താൻസമുദായത്തിൽ പെട്ടവർ താമസിക്കുന്നത്. ഏതാണ്ട് പതിനയ്യായിരം പേരുണ്ട് ഈ വിഭാഗത്തിൽ.
തമിഴ്നാട്ടിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് പാലക്കാടേക്ക് കുടിയേറി പാർത്തവരാണ് മൂത്താൻ സമുദായക്കാർ. പാലക്കാട്ടെ ഭൂരിഭാഗം കച്ചവടക്കാരും ഈ സമുദായത്തിൽപെട്ടവർ തന്നെ. നഗരസഭയിലെ ആറ് വാർഡുകളിലായാണ് ഇവരുടെ ശക്തി കേന്ദ്രം. ഇവിടങ്ങിലെല്ലാം മൂത്താൻ സമുദായത്തിൽ നിന്നുള്ളവരാണ് കൗൺസിലർമാർ. എല്ലാവരും ജയിച്ചതും ബിജെപി ടിക്കറ്റിൽ എന്നതാണ് മറ്റൊരു കാര്യം. ഈ വോട്ടുബാങ്കിലാണ് ബിജെപിയുടെ കണ്ണും ആത്മവിശ്വാസവും.
എന്നാൽ, മൂത്താൻ സമുദായ നേതാക്കൾ പരസ്യമായി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ദേശീയതയിൽ ഉറച്ചു നിൽക്കുന്ന സംഘടനയാണ് തങ്ങളുടേതെന്നാണ് സമുദായ നേതാക്കൾ വ്യക്തമാക്കിയത്. ഏതു പാർട്ടിയായാലും അതിൽ മാറ്റം വരില്ല. തങ്ങളിൽ കൂടുതൽ പേരും ബിജെപിയുടെ ആൾക്കാരാണെന്നും മൂത്താൻ സർവീസ് സൊസൈറ്റി അംഗം എസ്. സുരേന്ദ്രനാഥ് പ്രതികരിച്ചു.
അതേസമയം, ഒന്നര വർഷം തനിക്ക് തരൂ, തന്ന ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ തന്നെ മാറ്റിനിറുത്തിക്കോളൂ എന്നാണ് പ്രചരണവേദികളിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറയുന്നത്. ഓരോ സ്വീകരണയോഗങ്ങളിലെത്തുമ്പോഴും ഇടതുവലതു മുന്നണികൾക്ക് കുറിക്ക് കൊള്ളുന്ന രാഷ്ട്രീയവിമർശനം കൃഷ്‌ണകമാർ ഉന്നയിക്കും.
''കൊയ്ത്ത് കഴിഞ്ഞ് ഒരു മാസമായിട്ടും നെല്ല് സംഭരിക്കാതെ കർഷകരെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാരിനെതിരെ യോഗങ്ങളിൽ ആഞ്ഞടിച്ചായിരുന്നു ഇന്നലെത്തെ പര്യടനം. അന്യസംസ്ഥാന അരിമില്ല് ലോബികളെ സഹായിക്കാനാണ് സപ്ലൈക്കോ നെല്ല് സംഭരിക്കാത്തത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന കർഷകർ വില കുറച്ച് നെല്ല് വിൽക്കേണ്ട അവസ്ഥയിലാണ്. കർഷക മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടും പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒന്നുമുണ്ടായിട്ടില്ല. കേന്ദ്ര സർക്കാർ നൽകുന്ന കിസാൻ സമ്മാന നിധിയാണ് കർഷകരെ താങ്ങി നിറുത്തുന്നത്. ഇടത് വലത് മുന്നണികൾക്കെതിരെയുള്ള ശക്തമായ വികാരമായിരിക്കും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക''-കൃഷ്ണകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |