രണ്ടുവർഷത്തിനു ശേഷം സ്വർഗം സിനിമയുമായി നവംബർ 8ന് അനന്യ തിയേറ്ററിൽ . ഒ.ടി.ടി റിലീസായി എത്തിയ അപ്പൻ സിനിമയിലെ പകർന്നാട്ടമാണ് ഒടുവിൽ പ്രേക്ഷകർ അനന്യയിൽനിന്ന് കണ്ടത്. അതിന് മുൻപ് കണ്ടതും ഒ.ടി.ടി റിലീസായ ഭ്രമം സിനിമയിൽ . മലയാളത്തിലെയും തമിഴിലെയും പുതിയ വിശേഷങ്ങൾ അനന്യ പങ്കുവയ്ക്കുന്നു.
സ്വർഗം സിനിമയിലെ കഥാപാത്രം ?
ഏറെ പ്രത്യേകത നിറഞ്ഞ കഥാപാത്രമല്ല. നാട്ടിൻപുറത്തെ രണ്ടു സാധാരണ കുടുംബത്തിന്റെ കഥയാണ് പറയുന്നത്. രണ്ടു സാഹചര്യങ്ങളാണ് രണ്ടു കുടുംബത്തിലും .അവരുടെ സ്വഭാവത്തിലുമുണ്ട് വ്യത്യസ്തത. എന്നാൽ ഇത്തരം കഥാപാത്രം ഇതിനു മുൻപ് ഞാൻ ചെയ്തതായി അറിയില്ല. മുഴുനീള കഥാപാത്രം. കഥയിൽ പ്രാധാന്യവുമുണ്ട്. അജു വർഗീസിന്റെ നായിക വേഷമാണ് അവതരിപ്പിക്കുന്നത്. അജു ചേട്ടനൊപ്പം ഉറുമ്പുകൾ ഉറങ്ങാറില്ല സിനിമയിൽ നായിക പോലത്തെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മുൻപും ഞങ്ങൾ ഒരുമിച്ചിട്ടുണ്ട്. അതിന്റെ കെമസ്ട്രിയും വൈബും അഭിനയിക്കുമ്പോൾ അനുഭവപ്പെട്ടു. മഞ്ജു പിള്ളയോടൊപ്പം ആദ്യമാണ്. ജോണി ആന്റണി അഭിനേതാവായ ശേഷം ഒപ്പം അഭിനയിക്കുന്നത് ആദ്യമാണ്. ജോണിചേട്ടൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ സന്തോഷവും പേടിയും ഉണ്ടായിരുന്നു. നല്ല ഒരു സന്ദേശം തരുന്ന കുടുംബചിത്രമാണ് സ്വർഗം.
സിനിമയിൽ അധികം കാണുന്നില്ല ?
വരുന്ന സിനിമയിലെല്ലാം അഭിനയിക്കാൻ സാധിച്ചെന്ന് വരില്ല. അതിൽ നല്ല തിരക്കഥയും കഥാപാത്രവും മറ്റ് സാങ്കേതികമായ കാര്യങ്ങളും ഒത്തുവരുകയും മനസ് കൊണ്ട് ഇഷ്ടം തോന്നുകയും വേണം. എന്റെ അടുത്തേക്ക് വരുന്നതിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
ഇപ്പോഴത്തെ സിനിമയെ പ്രേക്ഷക എന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു ?
തൊണ്ണൂറുകളെ ഓർമ്മിപ്പിക്കുന്നതാണ് ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമകൾ. പരീക്ഷണങ്ങൾ നടത്തുന്ന തിരക്കഥകൾ ഉണ്ടാകുന്നു. അതു മലയാളികളെ മാത്രമല്ല അത്ഭുതപ്പെടുത്തുന്നത്. ലോക സിനിമ തന്നെ മലയാളത്തിലേക്ക് ഉറ്റുനോക്കുന്നതായാണ് എനിക്ക് തോന്നുന്നത്. പാൻ ഇന്ത്യനു മുകളിലേക്ക് പോകുന്നതായി പറയാം. അതുകൊണ്ട് ഒരു പ്രേക്ഷക എന്ന നിലയിൽ അഭിമാനമുണ്ട്. നമ്മുടെ ഭാഷയിൽ നല്ല സിനിമകളും നല്ല ചിന്തയും ആശയങ്ങളും നൂതന കലാസൃഷ്ടികൾ രൂപപ്പെടുന്നു. അതിൽ ഒത്തിരി സന്തോഷമുണ്ട്. സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് വലിയ കാര്യമായി കരുതുന്നു.
അന്യഭാഷയിലെ വിശേഷങ്ങൾ ?
തമിഴിൽ തിരുമാണിക്യം, ഡീസൽ എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു . സമുദ്രക്കനി, ഭാരതിരാജ എന്നിവരോടൊപ്പം അഭിനയിച്ച തിരുമാണിക്യം ഡിസംബറിൽ റിലീസ് ചെയ്യും. ഹരീഷ് കല്യാൺ നായകനായ ഡീസൽ വലിയ സിനിമയാണ്. അതും വൈകാതെ റിലീസ് ചെയ്യും. പുതിയ സിനിമയുടെ തിരക്കഥ വായിക്കുന്നു . ഒന്നും തീരുമാനിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |