അബുദാബി: പ്രവാസികൾക്കും സ്വദേശികൾക്കുമടക്കം പ്രത്യേക മുന്നറിയിപ്പുമായി യുഎഇ പ്രതിരോധ മന്ത്രാലയം. അൽ എയിൻ നഗരത്തിലെ താമസക്കാർക്കാണ് മുന്നറിയിപ്പ്. സൈനിക പരേഡ് നടക്കുന്നതിനാൽ ഇന്ന് വൈകുന്നേരത്തോടെ നഗരത്തിൽ വലിയ ഉച്ചത്തിലുള്ള ശബ്‌ദം കേൾക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന നൽകിയിരിക്കുന്നത്. യൂണിയൻ ഫോർട്രസ് 10 എന്ന സൈനിക പരേഡ് ഡിസംബർ മാസത്തിൽ അൽ എയിൻ നഗരത്തിൽ നടത്താൻ പോകുകയാണ്. ഇതിന്റെ ഒരുക്കങ്ങളാണ് ഇന്ന് വൈകുന്നേരം നടക്കുക. തുടർന്ന് സൈനിക കവചിത വാഹനങ്ങളുടെയും വിമാനങ്ങളുടെയും ഉച്ചത്തിലുള്ള ശബ്‌ദം കേൾക്കാമെന്നാണ് മുന്നറിയിപ്പ്.
രാജ്യത്തെയും അവിടെയുള്ള പൗരന്മാരെയും സംരക്ഷിക്കുന്നതിനുള്ള യുഎഇ സായുധ സേനയുടെ അർപ്പണ ബോധവും കഴിവും പ്രതിഫലിപ്പിക്കുന്ന ഒരു അതുല്യമായ തത്സമയ ദൃശ്യവിരുന്ന് നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും യുഎഇയിലെ സായുധസേനയിൽ അഭിമാനം വളർത്തുക, രാജ്യത്തിന്റെ സൈനിക വൈദഗ്‌ദ്ധ്യവും സാങ്കേതിക പുരോഗതിയും ഉയർത്തികാട്ടുക, പ്രതിരോധമന്ത്രാലയവും രാജ്യത്തെ സുരക്ഷാ ഏജൻസികളും വിവിധ സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം കൂട്ടുക എന്നിവയാണ് ഡിസംബറിൽ നടക്കാൻ പോകുന്ന 'യൂണിയൻ ഫോർട്രസ് 10' സൈനിക പരേഡിന്റെ ലക്ഷ്യം.
'യൂണിയൻ ഫോർട്രസ് 10' സൈനിക പരേഡ് കാണാൻ പൊതുജനങ്ങൾക്കും ക്ഷണമുണ്ട്. ഇവ നേരിട്ട് കാണാനോ ഇവന്റ് ഏരിയയിൽ രണ്ട് വസങ്ങളിലായി വച്ചിരിക്കുന്ന വലിയ സ്‌ക്രീനുകളിൽ പരേഡ് കാണാനും അവസരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |