ശ്രീനഗർ: ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പ്രൊജക്‌ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തിരുന്നു. കാശ്‌മീരിൽ ചെനാബ് നദിയുടെ മുകളിലൂടെയുള്ള ചെനാബ് റെയിൽവെ പാലത്തിലൂടെ കടന്നുപോകുന്ന റെയിൽവെ പാതയുടെ പ്രൊജക്‌ടാണ് ഇത്. 2022 ഓഗസ്‌റ്റിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവെ മേൽപാലമായ ചെനാബ് റെയിൽപാലം പണി പൂർത്തിയായത്. ചെനാബ് നദിയുടെ മുകളിൽ 359 മീറ്റർ ഉയരത്തിൽ 17 സ്‌പാനുകളിലായുള്ള 1315 മീറ്റർ നീളമുള്ള ആർച്ച് ആകൃതിയിലുള്ള പാലമാണ് ഇത്. ജമ്മുവിനെ ബാരാമുള്ളയുമായി ബന്ധിപ്പിക്കുന്ന ഈ പാലം ഇന്ത്യ നിർമ്മിച്ചതുമുതൽ അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനും ഇതിനെക്കുറിച്ച് ആശങ്കാകുലരാണ്.
കാശ്‌മീരിലെ റീസി, റംബൻ ജില്ലകളെ തമ്മിൽ യോജിപ്പിക്കുന്ന ഈ വമ്പൻ പാലത്തെക്കുറിച്ച് വിവരങ്ങൾ അറിയാൻ പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ ശ്രമം ആരംഭിച്ചെന്നാണ് വിവരം. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ഐഎസ്‌ഐയുടെ നീക്കം എന്നാണ് സൂചന. പാലത്തെക്കുറിച്ച് ചില പ്രധാന വിവരങ്ങൾ ശത്രുരാജ്യങ്ങളുടെ കൈകളിലെത്തിയോ എന്ന സൂചന ചില ദേശീയ മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടിലുണ്ട്.
20 വർഷത്തോളം സമയമെടുത്താണ് ചെനാബ് റെയിൽവെ മേൽപ്പാലം പണികഴിപ്പിക്കപ്പെട്ടത്. പാകിസ്ഥാനുമായി അതിർത്തി പങ്കുവയ്‌ക്കുന്ന ജില്ലകളിലേക്കുള്ള ഗതാഗതത്തിനാണ് ഈ പാലം എന്നതിനാൽ പാകിസ്ഥാനും ചൈനയും ഒരുപോലെ ഭയപ്പാടിലാണ് എന്നാണ് സൂചന. യാത്രാസൗകര്യത്തിന് പുറമേ സൈനിക ആവശ്യത്തിനുള്ള ഉപകരണങ്ങളും സൈനികരെയും അതിർത്തി മേഖലയിലേക്ക് എളുപ്പം എത്തിക്കാനും ഈ പാലം വന്നതോടെ സാദ്ധ്യമാകും എന്ന് റിപ്പോർട്ടുകൾ വന്നതോടെയാണ് ചൈന പാലത്തെക്കുറിച്ച് നിരീക്ഷിക്കാൻ പാകിസ്ഥാനെ ചുമതലപ്പെടുത്തിയത്. കാശ്‌മീരിന്റെ പടിഞ്ഞാറും വടക്കും അതിർത്തികൾ ചൈനയും പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്നുണ്ട്. ഇവിടങ്ങളിൽ എളുപ്പം സൈനികനീക്കത്തിന് ഇന്ത്യയെ ഈ പാലം സഹായിക്കും. ഇതിലൂടെ കാശ്‌മീരിന്റെ കാലങ്ങളായുള്ള പ്രശ്‌നങ്ങൾ ഇന്ത്യയ്‌ക്ക് വരുതിയിൽ വരുത്താനാകും എന്ന ആശങ്കയാണ് ഇരുരാജ്യങ്ങൾക്കും ഉള്ളതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |