വെടിയുണ്ട ഏൽക്കാതിരിക്കാൻ ബുളളറ്റ് പ്രൂഫ് ഉപയോഗിക്കാം. എന്നാൽ കത്തിയോ മറ്റ് മൂർച്ചയുള്ള ആയുധങ്ങളോ കൊണ്ടുള്ള ആക്രമണം ഉണ്ടായാൽ എങ്ങനെ പ്രതിരോധിക്കും?. കറകളഞ്ഞ അഭ്യാസികൾക്കുപോലും ഇത് പ്രയാസകരമാണ്. എന്നാൽ വെറും ഒരു കുടകൊണ്ട് ഇത്തരം ആക്രമണങ്ങളെ പുഷ്പംപോലെ പ്രതിരോധിക്കാൻ ആവുമെന്നാണ് ജപ്പാൻകാർ പറയുന്നത്. വെറുതെ പറച്ചിൽ മാത്രമല്ല ഉദാഹരണ സഹിതം അവർ അത് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. അക്രമത്തെ പ്രതിരോധിക്കുന്നതിനൊപ്പം ഇരയ്ക്ക് സുരക്ഷിതമായി രക്ഷപ്പെടാനും കഴിയും.
ബ്ലേഡ് പ്രൂഫ്
പേരുസൂചിപ്പിക്കുംപോലെ ബ്ലേഡ് ഉൾപ്പെടെയുള്ള മൂർച്ചയേറിയ ഒരു ആയുധവും ഉപയോഗിച്ച് തകർക്കാൻ പറ്റാത്തവയാണ് ഈ സ്പെഷ്യൽ കുടകൾ. പ്രത്യേക രീതിയിൽ തയ്യാറാക്കിയ തുണിയാണ് ബ്ലേഡ് പ്രൂഫ് കുടകളിൽ പരമപ്രധാനം. കണ്ടാൽ ശരിക്കും സാധാരണ കുട ആണെന്നേ തോന്നൂ. എന്നാൽ അക്രമികൾ എത്തുമ്പോഴാണ് ഇവയുടെ ശക്തിയും പ്രത്യേകതയും അറിയുന്നത്. എത്ര മൂർച്ചയേറിയ ആയുധം പ്രയോഗിച്ചാലും കുടയുടെ തുണിയെ കീറി മുറിക്കാൻ ആവില്ല.
ആക്രമണം ഉണ്ടാകുമ്പോൾ ഒരു പരിചപോലെ കുട ഉപയോഗിക്കാം. സുതാര്യമായ തുണിയായതിനാൽ അക്രമിയുടെ പ്രവൃത്തികൾ ഇരയ്ക്ക് നന്നായി കാണാനും മുൻകരുതൽ എടുക്കാനും കഴിയും. അതിനാൽത്തന്നെ അക്രമിക്ക് അധിക സമയം പിടിച്ചുനിൽക്കാനും കഴിയില്ല. ഇനി എങ്ങനെയെങ്കിലും കുടയുടെ തുണി ആയുധംകൊണ്ട് തുളയ്ക്കാൻ കഴിഞ്ഞാലും ഇര സുരക്ഷിതയായിരിക്കും. സാധാരണ കുടയെക്കാൾബ്ലേഡ് പ്രൂഫ് കുടകൾക്ക് ഇരുപതുസെന്റീമീറ്ററോളം നീളം അധികമായിരിക്കും. ആവശ്യമെങ്കിൽ അക്രമിയുടെ നേർക്ക് ഒരു വടിയെന്നപോലെ ശക്തമായി പ്രയോഗിക്കാനും കഴിയും.
ആദ്യം ട്രെയിൻ യാത്രക്കാർക്ക്
ജെ ആർ വെസ്റ്റ് എന്ന കമ്പനിയാണ് ബ്ലേഡ് പ്രൂഫ് കുടകൾക്കുപിന്നിലെ ബുദ്ധികേന്ദ്രം. രൂപത്തിൽ കുടകൾക്ക് സമാനമാണെങ്കിലും കത്തിക്കുത്തുപോലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുളള ഒരു ഉപകരണമാണിത്. ജപ്പാനിൽ ട്രെയിനുകളിൽ ഉൾപ്പെടെ കത്തികൊണ്ടുള്ള ആക്രമണങ്ങൾ കൂടിവരുന്നതാണ് ഇത്തരം കുടകൾ പരീക്ഷിച്ചുനോക്കാൻ കാരണമെന്നാണ് കമ്പനി പറയുന്നത്. തുടക്കത്തിൽ 1,200 കുടകളാണ് നൽകുന്നത്.
ഒരു കുടയുടെ നീളം ഒരുമീറ്ററാണ്. പൂർണമായും തുറക്കുമ്പോൾ 1.1 മീറ്റർ വ്യാസമുണ്ടാവും. എഴുനൂറുഗ്രാം മാത്രമാണ് ഭാരം. അതിനാൽ സാധാരണ കുടകൾ കൈവശം വയ്ക്കുന്ന അതേ ലാഘവത്തിൽ ഇവയും സൂക്ഷിക്കാൻ പറ്റും. സാധാരണകുടയെക്കാൾ നീളമുള്ളതിനാൽ അക്രമിക്കും ഇരയ്ക്കും ഇടയിൽ ഒരു ഷീൽഡുപോലെ പ്രവർത്തിക്കുകയും ഇരയ്ക്ക് വളരെ വേഗത്തിൽ രക്ഷപ്പെടാൻ അവസരമൊരുക്കുകയും ചെയ്യും.
ഈ മാസം മുതൽ കുടകൾ ലഭ്യമാകും എന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നത്. തുടക്കത്തിൽ ട്രെയിനുകൾക്കുള്ളിൽ മാത്രമാണ് ഇത്തരം കുടകൾ യാത്രക്കാർക്ക് ലഭിക്കുന്നത്. ഇതിനായി നിശ്ചിത എണ്ണം ഓരോ ട്രെയിനിലും സൂക്ഷിക്കും. അടിയന്തിര സാഹചര്യമുണ്ടാകുമ്പോൾ ജീവനക്കാർ കുടപ്രയോഗത്തിലൂടെ യാത്രക്കാരെ രക്ഷിക്കും.
'ട്രെയിനിനുള്ളിൽ കുടകൾ ഒരു പരിധിവരെ വിജയകരമായി പ്രവർത്തിപ്പിക്കാനാകും. ശക്തിയേറിയതുമാണ്. ഇത്തരം അടിയന്തിരസാഹചര്യങ്ങളിൽ ജീവനക്കാർ പ്രതികരിക്കുകയും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു' എന്നാണ് ജെആർ വെസ്റ്റ് പ്രസിഡന്റ് കസുവാക്കി ഹസെഗാവ പറഞ്ഞത്.
കത്തിക്കുത്ത് നിത്യസംഭവം
ജപ്പാനിലെ ട്രെയിൻ യാത്രക്കാരുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് കത്തിക്കുത്ത്. ഇതൊരു വൻ ഭീഷണിയായി മാറിയിരിക്കുകയാണ്. ഒരു പ്രകോപനവും കൂടാതെ അടുത്തുനിൽക്കുന്നവരെ ആക്രമിക്കും. കഴിഞ്ഞവർഷം ഉണ്ടായ ആക്രമണത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇതിൽ സ്ത്രീ യാത്രക്കാരും ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |