ഒരുകാലത്ത് മലയാള സിനിമയ്‌ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സാജൻ. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ എന്നിവരെ നായകന്മാക്കി നിരവധി ചിത്രങ്ങൾ സാജൻ സംവിധാനം ചെയ‌്തു. കൂടുതലും മമ്മൂട്ടിക്കൊപ്പമായിരുന്നു. ചക്കരയുമ്മ, കണ്ടുകണ്ടറിഞ്ഞു, തമ്മിൽ തമ്മിൽ, അർച്ചന ആരാധന, ഗീതം, എന്നു നാഥന്റെ നിമ്മി തുടങ്ങിയ നിരവധി ഹിറ്റുകൾ. തമ്മിൽ തമ്മിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടത്തെ കുറിച്ച് പറയുകയാണ് സാജൻ.
''തമ്മിൽ തമ്മിൽ എന്ന സിനിമ മമ്മൂട്ടി, റഹ്മാൻ, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് തീരുമാനിച്ചത്. എസ്.എൻ സ്വാമിയുടേതാണ് തിരക്കഥ. സ്വാമിയാണ് ശോഭനയെ കാസ്‌റ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചത്. അന്ന് ശോഭനയ്‌ക്ക് സിനിമയിൽ അഭിനയിക്കുന്നതിന് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. ഡാൻസ് ആയിരുന്നു അവരുടെ ആഗ്രഹം. ശോഭനയും റഹ്മാനും വന്നു കഴിഞ്ഞാൽ പടം സൂപ്പർ ഹിറ്റ് ആകുമെന്ന് ജ്യോതിഷിയും പറഞ്ഞു. അങ്ങനെ പ്രൊഡക്ഷൻ കൺട്രോളർ ഷൺമുഖം വഴി ശോഭനയെ ബന്ധപ്പെട്ടു.
സിനിമയുടെ സംഗീതം നിർവഹിച്ചത് കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രൻ ആയിരുന്നു. എന്റെ സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ഹൃദയം ഒരു വീണയായ്... എന്ന് തുടങ്ങുന്ന ഗാനത്തിലെ രംഗം കോവളത്താണ് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. ഞാനും ക്യാമറാമാൻ ആനന്ദകുട്ടനും റഹ്മാനും ശോഭനയും ക്രൂവും കോവളത്തെത്തി. പാറക്കൂട്ടത്തിനിടയിൽ നിന്ന് തിരമാലയ്‌ക്ക് വേണ്ടി ഒരുപാട് വെയിറ്റ് ചെയ‌്തിട്ടും തിരമാല വന്നില്ല. കുറേക്കഴിഞ്ഞപ്പോൾ റഹ്മാൻ ചോദിച്ചു സാർ ഞങ്ങൾ കുറച്ചുകൂടി താഴേക്ക് ഇറങ്ങി നിൽക്കട്ടെയെന്ന്. ഞാൻ സമ്മതിച്ചു. പെട്ടെന്ന് നല്ലൊരു തിരയടിച്ചു. അത് കഴിഞ്ഞപ്പോൾ ശോഭനയേയും റഹ്മാനേയും കാണാനില്ല. ഞങ്ങൾ പരിഭ്രാന്തരായി. ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്‌ച പേടിപ്പെടുത്തുന്നതായിരുന്നു.
റഹ്മാന്റെ ഷൂ പാറയിൽ ഉടക്കി നിൽക്കുന്നു. അതിൽ പിടിച്ച് ശോഭന കിടക്കുന്നതാണ് കണ്ടത്. തിര വന്നടിച്ച് ബാലൻസ് തെറ്റി ഇരുവരും പാറയ്‌ക്കിടയിലേക്ക് വീഴുകയായിരുന്നു. ക്രൂ എല്ലാവരും വന്ന് അവരെ രക്ഷിച്ചു. ഇതുകണ്ട് മത്സ്യത്തൊഴിലാളികൾ എത്തി ഞങ്ങളെ വഴക്കു പറഞ്ഞു. ആര് പറഞ്ഞിട്ടാണ് ഇവിടെ വന്ന് ഷൂട്ട് ചെയ‌്തതെന്ന് അവർ ചോദിച്ചു. കാരണം നിരവധി പേർ തിരയിലകപ്പെട്ട് മരണം സംഭവിച്ച സ്ഥലമായിരുന്നു അത്. പാറയുടെ അടിയിലുള്ള ഗർത്തത്തിലേക്ക് വീണാൽ പിന്നെ ബോഡി പോലും കിട്ടില്ലത്രേ. ഇപ്പോഴും അതിനെ കുറിച്ചോർക്കുമ്പോൾ ദേഹം നടുങ്ങുന്നു.''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |