തിരുവനന്തപുരം: സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി.എ.കെ.) നൈപുണ്യ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാറിയ കാലഘട്ടത്തിൽ തൊഴിൽ രംഗത്ത് ഏറെ ആവശ്യകതയുള്ള പൈത്തൺ പ്രോഗ്രാമിംഗ്, ബിസിനസ് ഇന്റലിജൻസ് വിത്ത് പവർ ബി.ഐ, ഡാറ്റാ അനലിറ്റിക്സ് വിത്ത് എക്‌സെൽ എന്നീ പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. രണ്ട് മാസം ദൈർഘ്യമുള്ള കോഴ്സുകൾ ഓൺലൈനായാണ് നടത്തുന്നത്.
വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും അറിവും നൈപുണ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത പ്രോഗ്രാമുകളിലേക്ക് എൻജിനീയറിങ്സയൻസ് ബിരുദധാരികൾ, ഏതെങ്കിലും എൻജിനീയറിങ് രംഗത്ത് ത്രിവത്സര ഡിപ്ലോമയുള്ളവർ, അവസാനവർഷ വിദ്യാർത്ഥികൾ, അവസാന വർഷ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്, കൂടുതൽ പഠനസാധ്യതകൾ തുറക്കുന്ന, ലിങ്ക്ഡ്ഇൻ ലേണിങ് പ്ലാറ്റ്‌ഫോം സേവനം മൂന്ന് മാസത്തേക്ക് സൗജന്യമായി ലഭിക്കും. മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഐ.സി.ടി.എ.കെ.യുടെ സ്‌കോളർഷിപ്പും ലഭിക്കും.
പുതിയ കാലഘട്ടത്തിൽ തൊഴിൽ വിപണി ആവശ്യപ്പെടുന്ന കഴിവുകൾ കരസ്ഥമാക്കി ഇൻഡസ്ട്രിക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെയും വർക്കിങ് പ്രൊഫഷണലുകളെയും സജ്ജരാക്കുകയാണ് ഇത്തരം പ്രോഗ്രാമുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.സി.ടി.എ.കെ. സി.ഇ.ഒ. ശ്രീ. മുരളീധരൻ മന്നിങ്കൽ പറഞ്ഞു. വിദഗ്ദ്ധരുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ എസൻഷ്യൽ സ്‌കിൽ പ്രോഗ്രാമുകളിലൂടെ തൊഴിലവസരവും വരുമാന സാധ്യതയും വർദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴ്സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://ictkerala.org/registration എന്ന ലിങ്കിലൂടെ 2024 നവംബർ 10ന് മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് +91 75 940 51437, 04712700 811 എന്ന നമ്പറുകളിൽ ബന്ധപ്പെടാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |