ഭുവനേശ്വർ: കാമുകിമാരുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഒഡീഷയിലെ ഭുവനേശ്വറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രദ്യുമ്നകുമാർ ദാസും ഇയാളുടെ രണ്ട് കാമുകിമാരുമാണ് അറസ്റ്റിലായത്. മൂവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ശുഭശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നത്
പ്രദ്യുമ്നകുമാറിന് രണ്ട് സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് കാമുകിമാർക്ക് പരസ്പരം അറിയാമായിരുന്നു. എന്നാൽ ശുഭശ്രീയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവില്ലായിരുന്നു. അടുത്തിടെ വഴിവിട്ട ബന്ധത്തെക്കുറിച്ച് അറിഞ്ഞു. ഇതാേടെ ഇരുവരും തമ്മിൽ വഴക്കായി. ഭർത്താവുമായി പിണങ്ങിയ ശുഭശ്രീ എട്ടുമാസമായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് ശുഭശ്രീയെ കൊല്ലാൻ കാമുകിമാരുമായി ചേർന്ന് പ്രദ്യുമ്നകുമാർ പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞമാസം ഇരുപത്തെട്ടിന് ചില കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ശുഭശ്രീയെ കാമുകിമാരിൽ ഒരാളുടെ വീട്ടിലേക്ക് പ്രദ്യുമ്നകുമാർ വിളിച്ചുവരുത്തി. അവിടെയെത്തിയ ശുഭശ്രീയെ രണ്ടുകാമുകിമാരുടെ സഹായത്തോടെ അനസ്തേഷ്യയ്ക്കുള്ള മരുന്ന് രണ്ടുതവണ കുത്തിവച്ചു. ഫാർമസിയിൽ ജോലിചെയ്തിരുന്ന കാമുകിമാരിൽ ഒരാളാണ് അനസ്തേഷ്യയ്ക്കുളള മരുന്ന് എത്തിച്ചത്.
കുത്തിവയ്പ്പിനെത്തുടർന്ന് അവശനിലയിലായ ശുഭശ്രീയെ പ്രദ്യുമ്നകുമാർ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെയെത്തുംമുമ്പ് മരിച്ചു. ആത്മഹത്യ ആയിരുന്നു എന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. ഭാര്യ ആത്മഹത്യ ചെയ്തതായി ഇയാൾ തന്നെ പൊലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
പോസ്റ്റുമോർട്ടത്തിൽ ശുഭശ്രീയുടെ കഴുത്തിലും കൈകളിലും ചതവ് കണ്ടെത്തി. അമിതമായി അനസ്തേഷ്യ മരുന്ന് ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്നും കണ്ടെത്തിയതോടെ സംശയം തോന്നി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |