മദ്യപിച്ച് നാട്ടിലും വീട്ടിലും പ്രശ്‌നമുണ്ടാക്കുന്നവരും മദ്യത്തിൽ മുങ്ങി ജീവിക്കുന്നവരുമായ മനുഷ്യർ ധാരാളമുണ്ട്. മദ്യ കച്ചവടത്തിന്റെ കണക്കും ഓരോ വിശേഷ സമയത്തും എത്ര മദ്യം വിറ്റുപോയെന്നും മറ്റും നാം വാർത്തകളിൽ പിന്നീട് അറിയാറുമുണ്ട്. മനുഷ്യർ മാത്രമല്ല എന്നാൽ മദ്യത്തിന് അടിമകൾ. മൃഗങ്ങളും മദ്യം കഴിക്കുകയും ലഹരിപിടിച്ച് പ്രവർത്തിക്കുകയും ചെയ്യാറുണ്ടെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്.
അടുത്തിടെ തുടങ്ങിയ കാര്യമൊന്നുമല്ല ഇത്. ലക്ഷക്കണക്കിന് വർഷങ്ങളായി പലതലമുറകളിൽപെട്ട മൃഗങ്ങളും പക്ഷികളും മനുഷ്യരെപ്പോലെ ലഹരി ഉപയോഗിക്കുന്നുണ്ട്. ഇഥൈൽ ആൽക്കഹോൾ അഥവാ എഥനോൾ ആണ് മനുഷ്യർ കുടിക്കുന്ന മദ്യത്തിലുള്ളത്. ഇതിന്റെ ബലത്തിലാണ് മനുഷ്യന് ലഹരിയും ഉന്മാദവുമെല്ലാം ഉണ്ടാകുന്നത്. ഇതേ എഥനോൾ അടങ്ങിയ പഴങ്ങളും ചില ധാന്യങ്ങളും ആണ് മൃഗങ്ങളും പക്ഷികളും ഉപയോഗിക്കാറ്. മിക്കയിടങ്ങളിലും എഥനോൾ അടങ്ങിയ ഈ വസ്‌തുക്കൾ ലഭിക്കും. ട്രെൻഡ്‌സ് ഇൻ ഇക്കോളജി ആൻഡ് എവല്യൂഷൻ ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട പഠനത്തിൽ മിക്ക പക്ഷികളും മൃഗങ്ങളും ഇവ കഴിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
എഥനോൾ മനുഷ്യർ മാത്രം ഉപയോഗിക്കുന്ന വസ്‌തുവാണ് എന്ന ധാരണയെ തിരുത്തുന്നതാണ് കണ്ടെത്തലെന്ന് എക്‌സെറ്റർ സർവകലാശാലയിൽ ബിഹേവിയറൽ ഇക്കോളജിസ്‌റ്റ് കിംബർലി ഹോക്കിൻസ് പറയുന്നു. പുരാതനകാലത്ത് ദിനോസറുകൾ ഭൂമിയിൽ ആധിപത്യം നേടിയിരുന്ന സമയം മുതൽ ഇത്തരത്തിൽ ലഹരി നൽകുന്ന പഴങ്ങളുള്ള ചെടികൾ ഭൂമിയിലുണ്ട്. ഈ ചെടികളിലെ പഴങ്ങൾ വാടി വീഴുമ്പോൾ അവയിൽ ഉണ്ടാകുന്ന എഥനോളിന് ബിയറിന്റെയോ വൈനിന്റെയോ പോലെയുള്ള മണമാകും ഉണ്ടാകുക. ഇവ ധാരാളം കഴിക്കുമ്പോൾ ലഹരി മൃഗങ്ങൾക്ക് തലയ്‌ക്കുപിടിക്കും. പനാമയിലെ ചില വാടിയ ഈന്തപ്പഴങ്ങളിൽ 10 ശതമാനം ലഹരിയാണ് ഉള്ളത്.
ചെറിയ അളവിലുള്ള ലഹരി അടങ്ങിയ പഴങ്ങൾ കഴിച്ചാൽ പോലും മൃഗങ്ങൾ കുഴഞ്ഞുവീഴാറാണ് പതിവ്. മരങ്ങളിൽ കയറുകയോ ചുറ്റിലും ശത്രുക്കളുള്ളവയോ ആയ ജന്തുക്കൾക്ക് ഇത്തരത്തിൽ ലഹരി കഴിക്കുന്നത് അപകടകരമാണ്. എന്നാൽ ഇത്തരത്തിൽ ലഹരി ഉപയോഗിക്കാതിരിക്കാൻ അവർ ശ്രമിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |