പെരുമ്പാവൂർ: അപകടങ്ങൾ തുടർക്കഥയായതോടെ ഒക്കൽ കവല മരണക്കവലയായി മാറിയെന്ന ആക്ഷേപം ഉന്നയിച്ച് പ്രദേശവാസികൾ. 2 വർഷത്തിനുള്ളിൽ ഇവിടെയുണ്ടായ 8 അപകടങ്ങളിലായി 6 പേരുടെ ജീവനാണ് നഷ്ടമായത്. പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. രണ്ടു വർഷം മുമ്പാണ് ജംഗ്ഷനിൽ കട നടത്തിയിരുന്ന കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവകി വാഹനാപകടത്തിൽ മരിച്ചത്. അതേ ഭാഗത്ത് തന്നെ ഏതാനും ദിവസങ്ങൾക്ക് ശേഷമുണ്ടായ മറ്റൊരു അപകടത്തിൽ ചെല്ലപ്പൻ എന്നയാളും മരിച്ചു. പിന്നെയും വിവിധ അപകടങ്ങളിലായി 4 പേർക്ക് കൂടി ജീവൻ നഷ്ടമായി.
പാർക്കിംഗും വേഗത നിയന്ത്രണമില്ലായ്മയും അടക്കമുള്ളവയാണ് ഒക്കൽ കവലയെ അപകട മേഖലയാക്കുന്നത്. കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ വാഹനങ്ങളും ഇരു വശങ്ങളിലുമായി പാർക്ക് ചെയ്യുന്നതും അപകടം വിളിച്ചുവരുത്തുന്നു. ദൂര സ്ഥലങ്ങളിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും മറ്റും നല്ല വേഗതയിലാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. അപകടങ്ങൾ കുറക്കാൻ സ്പീഡ് ബ്രേക്കർ 4 എണ്ണം ഇവിടെ സ്ഥാപിച്ച് ഓട്ടോ സ്റ്റാൻഡും ബസ് സ്റ്റോപ്പും മറ്റൊരിടത്തേയ്ക്ക് മാറ്റാൻ ഒക്കൽ പഞ്ചായത്തിന് നിർദ്ദേശം നൽകണമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഒക്കൽ കർത്തവ്യ ലൈബ്രറി ഭാരവാഹികൾ പി.ഡബ്ല്യു.ഡി, പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികാരികൾക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ഒക്കൽ കവലയിലെ അപകടങ്ങൾ കുറക്കാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ച് ഓട്ടോ സ്റ്റാൻഡും ബസ് സ്റ്റോപ്പും മറ്റൊരിടത്തേയ്ക്ക് മാറ്റണം. ജനങ്ങളുടെ ഭയം അകറ്റണം. ഇനിയൊരപകടം ഒക്കൽ കവലയിൽ ഉണ്ടാകരുത്.
വി.പി. സുരേഷ്
വൈസ് പ്രസിഡന്റ്
കർത്തവ്യ ലൈബ്രറി
എം.സി റോഡിൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽ.പി സ്കൂൾ, വില്ലേജ് ഓഫീസ്, സൊസൈറ്റി, എസ്.എൻ ഡി. പി ശാഖാ ഓഫീസ്, മസ്ജിദ്, കപ്പേള എന്നിങ്ങനെ പൊതുസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇടമാണ് ഒക്കൽ കവല. കൂടാതെ പഞ്ചായത്ത് ഓഫീസിലേക്കുള്ള വഴിയും ഈ കവലയിൽ നിന്നാണ്
ഒക്കൽ കവല അപകട മേഖലയാകാനുള്ള പ്രധാന കാരണം ഓട്ടോ പാർക്കിംഗും കവലയിൽത്തന്നെയുള്ള ബസ് സ്റ്റോപ്പും
ഇവിടെ സ്ഥിരമായിട്ടുള്ള 60 ഓട്ടോകളിൽ 30 എണ്ണവും പാർക്ക് ചെയ്യുന്നത് ഈ നാൽക്കവലയിൽ തന്നെ. ഈ ഭാഗത്ത് വാഹനങ്ങൾക്ക് വേഗതാ നിയന്ത്രണ നിർദ്ദേശങ്ങളും നൽകിയിട്ടില്ല.
ഓട്ടോ സ്റ്റാൻഡും ബസ് സ്റ്റോപ്പും മാറ്റണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |