പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ പരിധിയിൽ മാസങ്ങളോളമായി കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിപ്പോയിട്ടും തിരിഞ്ഞുനോക്കാത്ത കേരള വാട്ടർ അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധം ഉയരുന്നു. പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിലെ പൈപ്പ് പൊട്ടി മാസങ്ങളായി ശുദ്ധജലം പാഴായിപ്പോകുകയാണ്. ഇതുമൂലം ഭക്തജനങ്ങൾക്കും മിനി സിവിൽ സ്റ്റേഷനിലേക്കും വിദ്യാലയങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും പോകുന്ന കാൽനട, ഇരുചക്ര വാഹന യാത്രക്കാർ തീരാദുരിതമാണ് അനുഭവിക്കുന്നത്. അതുപോലെതന്നെ പെരുമ്പാവൂർ പാറപ്പുറം വല്ലം റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം ഒഴുകി വെള്ളക്കെട്ടായി മാറിയിരിക്കുന്നു. ഫാസ് ഓഡിറ്റോറിയത്തിന്റെയും കോടതിയുടെയും മുൻവശത്തും പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടിട്ടുണ്ട്. സമാന അവസ്ഥയിൽ പെരുമ്പാവൂർ പട്ടണത്തിലെ മറ്റ് ഭാഗങ്ങളിലും ശുദ്ധജല പൈപ്പുകൾ പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതിനൊരു പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നതേയില്ല. കേരള വാട്ടർ അതോറിറ്റിയുടെ ഈ നിലപാടിൽ പൊതുജനങ്ങൾക്കിടയിൽ ശക്തിയായ പ്രതിഷേധമാണ് ഉയരുന്നത്.
പെരുമ്പാവൂർ പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ ശുദ്ധജല പൈപ്പുകൾ പൊട്ടി കിടക്കുന്നത് മാസങ്ങളായി. ഇത് കാണുവാനോ ഇതിനൊരു പരിഹാരം കാണുവാനോ അധികാരികൾ തയ്യാറാകുന്നില്ല. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ വാട്ടർ അതോറിട്ടി തയ്യാറാകണം.
ടി.എം. നസീർ
ചുമട്ടുതൊഴിലാളി യൂണിയൻ
ജില്ലാ കമ്മിറ്റി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |