ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപിന്റെ പ്രചാരണത്തില്‍ കെ രാധാകൃഷ്ണന്‍ എംപി സജീവമല്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം. ചില മാദ്ധ്യമങ്ങളുടെ കുത്തിത്തിരിപ്പിന്റെ ഫലമാണ് ഇത്തരം വാര്‍ത്തകളെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടിഎം തോമസ് ഐസക് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രചാരണം.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷമുള്ള റോഡ് ഷോയില്‍ രാധാകൃഷ്ണന്‍ പങ്കെടുത്തില്ലെന്നാണ് പ്രധാന ആരോപണം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്ന രാധാകൃഷ്ണന്‍ എങ്ങനെ റോഡ് ഷോക്ക് വരും എന്നാണ് ഐസക്ക് ചോദിക്കുന്നത്. രാധാകൃഷ്ണനെ അറിയുന്ന ആരും ഇത്തരം കാര്യങ്ങള്‍ പറയില്ലെന്നും തെറ്റായ പ്രചാരണം യുഡിഎഫ് തോല്‍വി മണക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
ടിഎം തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചുവടെ
കെ.രാധാകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്ന ഒരാക്ഷേപമാണ് ഇന്ന് മാധ്യമ കുത്തിത്തിരിപ്പിന്റെ ഭാഗമായി പുറത്തുവന്നത്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇത് ആദ്യം പുറത്തുവിട്ടത്.
തെളിവായിട്ട് പറഞ്ഞ ഏകകാര്യം, സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ചേലക്കരയില്‍ നടന്ന റോഡ് ഷോയില്‍ പങ്കെടുത്തില്ലായെന്നാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍പോയ രാധാകൃഷ്ണന്‍ എങ്ങനെയാണ് ചേലക്കരയില്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നത്?
അത്ഭുതമാണ് തോന്നിയത്. ഞാന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ ചേലക്കരയില്‍ ഉണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഈ നിമിഷം വരെ വിശ്രമമെന്തെന്ന് അറിയാതെ ഞങ്ങളോടൊപ്പം നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണ് സ. കെ. രാധാകൃഷ്ണന്‍. അല്പം ക്ഷീണം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായാല്‍ത്തന്നെ അവരെ ഉഷാറാക്കി പ്രവര്‍ത്തണത്തിലേക്ക് കൊണ്ടുവരുന്ന ആളാണ് രാധാകൃഷ്ണന്‍. അത് രാധാകൃഷ്ണനെ പരിചയമുള്ള ആര്‍ക്കും അറിയുന്ന കാര്യമാണ്.
ഇങ്ങനെയൊരാക്ഷേപം ഈ നിമിഷം വരെ സിപിഐഎമ്മോ സ്ഥാനാര്‍ത്ഥിയായ സ. പ്രദീപോ മറ്റാരെങ്കിലുമോ ഉന്നയിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഇങ്ങനെയൊരു വാര്‍ത്ത വരുന്നത്? സംശയിക്കേണ്ട, റിപ്പോര്‍ട്ടര്‍ സ്വയം പാചകം ചെയ്‌തെടുത്തത് തന്നെ. വാര്‍ത്ത പാചകം ചെയ്തയാള്‍ ആരായാലും അദ്ദേഹത്തിന് രാധാകൃഷ്ണനെ തീരെ പരിചയമില്ലായെന്ന് തോന്നുന്നു. നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണവുമായ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തന ചരിത്രം പഠിക്കാന്‍ ഞാന്‍ ചാനലിനോട് അഭ്യര്‍ത്ഥിക്കുന്നു.
തൊട്ടപ്പുറത്ത് പാലക്കാട് ഡോ. സരിന്‍ കോണ്‍ഗ്രസ് വിട്ടതിന് ശേഷം എത്ര കോണ്‍ഗ്രസുകാരാണ് ആ പാര്‍ടി വിട്ടതെന്ന് നമ്മുടെ മാധ്യമങ്ങള്‍ക്ക് അറിയില്ല. കൊടകരയില്‍ നോട്ടുനിറച്ച ചാക്കുകെട്ടുകള്‍ എത്രയാണ് ഒഴുകിയത് എന്നും അറിയില്ല. പക്ഷേ, ഇല്ലാവാര്‍ത്ത ഉണ്ടാക്കാന്‍ നല്ല വിരുതാണ്. ചേലക്കരയിലും പാലക്കാടും യുഡിഎഫ് തോല്‍വി മണക്കുന്നു എന്നതാണ് ഈ മാധ്യമ വാര്‍ത്തകളില്‍നിന്ന് നാം വായിച്ചെടുക്കേണ്ടത്.
വരും ദിവസങ്ങളില്‍ ഇതുപോലെ പല പൂഴിക്കടകനുകളും മാധ്യമക്യാമ്പുകളില്‍ ഉടലെടുക്കും. പക്ഷേ, അതൊക്കെ അവരുടെതന്നെ വിശ്വാസ്യതയെ തകര്‍ക്കുകയേയുള്ളൂ. മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മാധ്യമങ്ങള്‍ ഇവിടെയുണ്ട്. നുണകള്‍കൊണ്ട് ഞങ്ങളെ തകര്‍ക്കാനാവില്ലെന്ന് അവരോട് ചോദിച്ചാല്‍ പറഞ്ഞുതരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |