ചെറുതോണി : നാല് വർഷമായി കാൽവരിമൗണ്ടിലെ കർഷകകുടുംബങ്ങൾ ഒരു സ്വപ്നത്തിന് പിന്നാലെയായിരുന്നു. ഒരു വിദേശയാത്ര. വിനോദസഞ്ചാര കേന്ദ്രമായി ഏറെ അറിയപ്പെടുന്ന തങ്ങളുടെ ഗ്രാമത്തിൽനിന്നും സഞ്ചാരികളുടെ പറുദീസയായ തായ്ലണ്ടിലേയ് പറക്കുന്നതാണ് അവർ കണ്ട സ്വപ്നം. യാത്രയ്ക്കായി പണം സ്വരുക്കൂട്ടി ഒടുവിൽ തങ്ങളുടെ സ്വപ്നം പൂവണിഞ്ഞതിന്റെ ആഹ്ളാദത്താലാണ് അവർ. കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ടിൽ നിന്നുമുള്ള കൈരളി ,ഗ്രീൻ മൗണ്ട്, സാരഥി എന്നീ മൂന്ന് എസ് എച്ച് ജി കളിലെ 70 അംഗങ്ങളാണ് കുടുംബസമേതം സഞ്ചാരികളുടെ പറുദീസയായ തായ്ലന്റിലേക്ക് പറന്നത് .
സാധാരണക്കാരായ ചെറുകിട കർഷകരും തൊഴിലാളികളും അടങ്ങുന്ന ഈ സംഘംഏറെ കഷ്ടതകൾ സഹിച്ചാണ്. യാത്രയ്ക്ക് തയ്യാറെടുത്തത് .കൃഷിയിടങ്ങളിൽ പണിയെടുത്ത് വിയർപ്പ് ചിന്തുമ്പോഴും ആകാശത്തുകൂടി കടന്നു പോകുന്ന വിമാനം കാണുമ്പോൾ ഇവർക്ക് ജോലി എടുക്കാൻ കൂടുതൽ ആവേശമായിരുന്നു. അങ്ങനെ 12 വയസ്സുകാരൻ നിവിൻ നോബിൾ മുതൽ 80 വയസ്സുകാരനായ ജോസഫ് ചേട്ടനും, 76 വയസ്സുകാരി മേരിക്കുട്ടി ചേടത്തിയും അടക്കമുള്ളവർ ആ സ്വപ്നം സാക്ഷാത്കരിച്ചു. . ചെറുതോണി കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് ഇവർക്ക് യാത്രയ്ക്കുള്ള സൗകര്യങ്ങളെല്ലാം ചെയ്തു നൽകിയത്.
ചെറിയ തുകകൾ എല്ലാ മാസങ്ങളിലും സംഘത്തിൽ ഏൽപ്പിച്ചു തുടങ്ങിയതോടെ യാത്ര സഫലമാകും എന്ന് ഉറപ്പായി. പിന്നെ ഇവർക്കെല്ലാം പാസ്‌പോർട്ട് എടുക്കുന്നതിന്റെ ഉത്തരവാദിത്വവും സംഘം നേതാക്കൾ ഏറ്റെടുത്തു
തായ്ലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ടൈഗർ പാർക്ക് ,സഫാരി വേൾഡ്, മറൈൻ പാർക്ക്, നോങ് നൂച്ച് വില്ലേജ് ,കോറൽ ഐസ്ലാൻഡ് ,ഫ്‌ളോട്ടിങ് മാർക്കറ്റ് ,ജെംസ് ഗാലറി തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു .കടലിനടിയിൽ പോയി വിവിധതരത്തിലുള്ള മീനുകളെയും ജീവികളെയും കാണാൻ സാധിച്ചതും പാരാഗ്ലൈഡിങ് അടക്കമുള്ള റൈഡുകളിൽ കയറിയതും എല്ലാം ഏറെ പേടിയോടെ ആയിരുന്നെങ്കിലും ഇപ്പോൾ അത് ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവങ്ങളായി മാറി.
സംഘം നേതാക്കളായ സിബി ഫിലിപ്പ് ,സോബിച്ചൻ മാത്യു ,വിനോദ് ടി ഡി, ടോമി മാത്യു ,സെബാസ്റ്റ്യൻ തോമസ്, ബെന്നി മാത്യു ,നോബി മാത്യു എന്നിവരാണ് ടൂറിന് നേതൃത്വം നൽകിയത്
ഇനി ദുബായ്ക്ക് പറക്കും
ആദ്യ വിദേശയാത്രയിൽ നിന്നും ആവേശം ഉൾക്കൊണ്ട് സംഘം അംഗങ്ങൾ അടുത്തവർഷം ദുബായ് പോകുവാനുള്ള തീരുമാനമെടുത്താണ് വീടുകളിലേക്ക് തിരികെ പോന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |