കോഴിക്കോട്: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ വടകര സ്വദേശികൾ അനുഭവിച്ചത് കൊടിയ പീഡനം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന കമ്പനിയിലാണ് തങ്ങളെ നിയോഗിച്ചതെന്നും തട്ടിപ്പിനിരയായ വടകര സ്വദേശികളായ സമിൽ ദേവ്, അശ്വന്ത് ബാബു, എസ്.എ. അരുൺ, സി.പി. അഭിനന്ദ്, അഭിനവ് സുരേഷ്, ആലുവ സ്വദേശി റോഷൻ ആന്റണി, പൊന്നാനി സ്വദേശി അജ്മൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തായ്‍ലന്റിലെ സെയിൽസ് ആൻഡ് അഡ്വർടൈസിംഗ് കമ്പനിയിൽ വൻ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് വടകര മണിയൂർ സ്വദേശികളായ അനുരാഗ്, അതിരാഥ്, മുഹമ്മദ് റസിൽ, പാലക്കാട് പട്ടാമ്പി സ്വദേശി നസറുദ്ദീൻ ഷാ എന്നിവരടങ്ങുന്ന സംഘം ബാങ്കോക്കിലെത്തിച്ചത്.
കംബോഡിയയിലെ സ്ഥാപനത്തിലെത്തിക്കുകയും എസ്.ബി.ഐയുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് നിയോഗിക്കുകയുമായിരുന്നു. ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലെ അക്കൗണ്ട് ഉടമകളുടെ പണം ഓൺലൈൻ ഇടപാടുകൾ, വീഡിയോ കോൾ, വെർച്വൽ അറസ്റ്റ് എന്നിവയിലൂടെ തട്ടിയെടുക്കുകയാണ് രീതി. സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കമ്പനിയാണെന്ന് മനസിലായതോടെ ജോലിയിൽ തുടരാൻ കഴിയില്ലെന്ന് അറിയിച്ചതോടെ മുറിയിൽ പൂട്ടിയിടുകയും പട്ടിണിക്കിടുകയുംമർദ്ദിക്കുകയും ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കംബോഡിയയിലെത്തിച്ചവർ ഓരോരുത്തരുടെ പേരിൽ രണ്ടരലക്ഷം രൂപയ്ക്ക് മുകളിൽ പണം വാങ്ങി കമ്പനിക്ക് വിൽക്കുകയായിരുന്നു. ഒടുവിൽ മറ്റൊരു കമ്പനിക്ക് തങ്ങളെ വിൽക്കാൻ കാറിൽ കൊണ്ടുപോയ ആളോട് കാര്യങ്ങൾ പറഞ്ഞാണ് രക്ഷപ്പെട്ടതെന്ന് യുവാക്കൾ പറഞ്ഞു. കംബോഡിയ അതിർത്തിയായ പോയ് പറ്റ് അടക്കമുള്ള സ്ഥലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന നിരവധി ചൈനീസ് കമ്പനികളുണ്ടെന്നും അവിടങ്ങളിൽ മലയാളികൾ അടക്കമുള്ളവർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർ പറയുന്നു. ഇന്ത്യയെയും എസ്.ബി.ഐയെയുമാണ് കമ്പനികൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. തങ്ങൾക്ക് ഓരോരുത്തർക്കും ഒന്നരലക്ഷം രൂപ വീതം നഷ്ടമായി. തട്ടിപ്പ് സംഘത്തിനെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |