കൊച്ചി: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് 41.2 കോടിയുടെ ഹവാലപ്പണം കർണാടകയിൽ നിന്ന് കേരളത്തിലെത്തിയെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) ഇടപെടൽ പ്രാഥമികാന്വേഷണത്തിൽ ഒതുങ്ങി. കേസ് ഡയറി തുറക്കുകയും ഇൻഫർമേഷൻ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്‌തതിനപ്പുറം അന്വേഷണം മുന്നേറിയില്ല..
തിരഞ്ഞെടുപ്പിനായി ഹവാലപ്പണം എത്തിയെന്ന് ബി.ജെ.പിയുടെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇ.ഡി അന്വേഷണവും ചർച്ചയായത്. കൊടകരയിൽ ഹവാലപ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഇ.ഡിക്ക് റിപ്പോർട്ട് നൽകിയത്.
എസ്.ഐ.ടി റിപ്പോർട്ടിന്റെയും പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തിൽ ഇ.ഡിയുടെ കോഴിക്കോട് യൂണിറ്റിലെ ഡെപ്യൂട്ടി ഡയറക്‌ടറാണ് 2021മേയ് 25ന് കേസ് ഡയറി തുറന്നത്. എഫ്.ഐ.ആറിന് തുല്യമായ എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ ) 2023 ജനുവരി 30ന് രജിസ്‌റ്റർ ചെയ്‌തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരം അന്വേഷണം നടത്തുമെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തെക്കുറിച്ചോ കണ്ടെത്തലുകളെക്കുറിച്ചോ ഇ.ഡി വെളിപ്പെടുത്തിയിട്ടില്ല.
തൃശൂരിലെത്തിയ 6.5 കോടി രൂപയിൽ 3.5 കോടി കൊടകരയിൽ വച്ച് തട്ടിയെടുത്ത സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചത്. ആലപ്പുഴയിലേക്ക് കൊണ്ടു പോകുമ്പോഴാണ് പണം തട്ടിയെടുത്തത്. എസ്.ഐ.ടി രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |