ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മർദ്ദിച്ച, മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റു സുരക്ഷാ ജീവനക്കാർക്കും ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് സമർപ്പിച്ച തടസ ഹർജിയിൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വാദം കേൾക്കും.
സംഭവത്തിന്റെ ലൈവ് വീഡിയോ വൈറലായിട്ടും മർദ്ദിക്കുന്ന ദൃശ്യങ്ങൾ ലഭ്യമായില്ലെന്ന വിചിത്രമായ കാരണം പറഞ്ഞാണ് ക്രൈംബ്രാഞ്ച് നടപടി.
ദൃശ്യമാദ്ധ്യമങ്ങളോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കിട്ടിയ ദൃശ്യങ്ങളിൽ മർദനമില്ലെന്നുമായിരുന്നു ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ പൊലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും ഇ-മെയിലിൽ നൽകിയ യൂത്ത് കോൺഗ്രസ് അതിന്റെ തെളിവുകളും കോടതിയിൽ നൽകും.
മുഖ്യമന്ത്റിയുടെ ഗൺമാൻ അനിൽ കുമാറാണ് ഒന്നാം പ്രതി. സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപാണ് രണ്ടാം പ്രതി . ഡിസംബർ 15ന് മുഖ്യമന്ത്റിയും മന്ത്റിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനും തലയ്ക്കും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |