തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ സവിശേഷ സഹായം തേടുന്ന വിദ്യാർത്ഥികൾ കൂടുന്നതിന് പിന്നിൽ അനാരോഗ്യകരമായ പ്രവണതകളാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിനെ അതീവഗൗരവകരമായാണ് കാണുന്നത്. കഴിഞ്ഞ പരീക്ഷയിൽ 21 ഭിന്നശേഷി വിഭാഗത്തിൽ നിന്നായി 26,518 പേർക്കാണ് സവിശേഷ സഹായം അനുവദിച്ചത്. 2020ൽ 13,294ഉം 2021ൽ 13,566ഉം 2022ൽ 17,534ഉം 2023ൽ 21452 പേർക്കുമാണ് അപേക്ഷയുടെ അടിസ്ഥാനത്തിൽ സവിശേഷസഹായം ലഭ്യമാക്കിയത്. അനർഹർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരും അദ്ധ്യാപകരും ജാഗ്രത പുലർത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ശ്രവണ - കാഴ്ച വൈകല്യം, അസ്ഥിസംബന്ധമായ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി ചില വിഭാഗം കുട്ടികൾക്കു മാത്രമാണ് പരീക്ഷാനുകൂല്യങ്ങൾ അനുവദിച്ചിരുന്നത്. പിന്നീട് പഠന വൈകല്യമുള്ളവരെയും ഹീമോഫീലിയയുള്ള കുട്ടികളെയും പരീക്ഷാനുകൂല്യത്തിനായി പരിഗണിക്കാൻ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |