ഭോപ്പാൽ: ഭർത്താവിനെ കിടത്തിയിരുന്ന കിടക്ക ഗർഭിണിയായ ഭാര്യയെക്കൊണ്ട് ആശുപത്രി അധികൃതർ വൃത്തിയാക്കിച്ചതായി പരാതി. മദ്ധ്യപ്രദേശിലെ ലാൽപൂർ സാനി ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ ഭർത്താവ് ശിവരാജ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പിന്നാലെ കിടക്കയിലെ രക്തക്കറയും മറ്റും ഭാര്യയെക്കൊണ്ട് വൃത്തിയാക്കിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
സ്ഥലത്തിന്റെ പേരിലുള്ള തർക്കത്തിനിടെ നാല് പേർക്ക് വെടിയേറ്റിരുന്നു. ശിവരാജിനെ കൂടാതെ പിതാവ് ദരം സിംഗ് മാരവി (65), സഹോദരൻ രഘുരാജ് മാരവി, രാംരാജ് എന്നിവർക്കുമാണ് വേടിയേറ്റത്. അച്ഛനും സഹോദരനും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
ശിവരാജിനെ ഗഡസാറൈ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശിവരാജും മരിച്ചു. ഇയാളുടെ ഭാര്യ റോഷ്നി അഞ്ച് മാസം ഗർഭിണിയാണ്. ശിവരാജ് കിടന്ന കിടക്കയിൽ രക്തക്കറ പറ്റിയിരുന്നു. യുവാവ് മരിച്ചതിന് പിന്നാലെ റോഷ്നിയെക്കൊണ്ട് കിടക്ക വൃത്തിയാക്കിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി.
വീഡിയോ വൈറലായതിന് പിന്നാലെ ജീവനക്കാർക്ക് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ കിടക്ക വൃത്തിയാക്കാൻ റോഷ്നിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ കേന്ദ്രത്തിലെ ഡോ. ചന്ദ്രശേഖർ തേകം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാംരാജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഇവരുടെ ബന്ധുക്കളായ പേർമകൻ സിംഗ്, സർവാൻ, ജഹർ സിംഗ് എന്നിവർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |