തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ ഭീഷണികൾ ഉയർന്ന സാഹചര്യത്തിൽ ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശിന്റെ വീടിന് പൊലീസ് കാവൽ. തനിക്ക് ഭീഷണിയുണ്ടെന്ന് കഴിഞ്ഞദിവസം സതീശ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് പൊലീസാണ് വീടിന് കാവൽ ഏർപ്പെടുത്തിയത്.
മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ പുതിയ അന്വേഷണ സംഘത്തോട് ആവർത്തിക്കും. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനുണ്ട്. ബിജെപി നേതാക്കളുടെ സമ്മർദ്ദം കാരണം വ്യാജ മൊഴിയാണ് മുൻപ് നൽകിയതെന്നും സതീശ് പറഞ്ഞു. ഇന്നലെ വൈകിട്ട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ സതീശിനെ നേരിൽകണ്ട് വിവരങ്ങൾ തേടിയിരുന്നു.
ചാക്കുകളിൽ പാർട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീശ് മുൻപ് മൊഴി നൽകിയത്. ഈ മൊഴി തിരുത്തി കോടതിയിൽ സത്യം പറയാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും സതീശ് അന്വേഷണ സംഘത്തോട് പറഞ്ഞു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തിങ്കളാഴ്‌ച കോടതിയുടെ അനുവാദം തേടും.
സതീശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.എ.ഡി.ജി.പി മനോജ് എബ്രഹാം അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കും. നേരത്തെ കേസ് അന്വേഷിച്ച കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി രാജുവും അന്വേഷണസംഘത്തിലുണ്ട്.
കാറിൽ കൊണ്ടുപോകുകയായിരുന്ന 3.5 കോടി രൂപ കൊടകര ദേശീയ പാതയിൽവച്ച് ക്രിമിനൽ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബി.ജെ.പി തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
'കൊടകര കുഴൽപ്പണ ഇടപാട് യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണ്. സംഭവം നടക്കുന്നതിന് തലേദിവസം രാത്രി തൃശൂർ ജില്ലാ ഓഫീസിലാണ് പണം എത്തിയത്. പണം കൊണ്ടുവന്ന ധർമ്മരാജനും കൂട്ടാളികൾക്കും ജില്ലാ ഓഫീസിൽ നിന്ന് പറഞ്ഞതനുസരിച്ചാണ് ഞാൻ താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്തത്. പുലർച്ചെ അവർ പോയതിന് ശേഷമാണ് കൊടകരയിൽ സംഭവം ഉണ്ടായത്. ബിജെപിക്ക് വേണ്ടിവന്ന പണം തന്നെയാണിത്. പൊലീസിന്റെ കുറ്റപത്രത്തിൽ ഇക്കാര്യം പറയുന്നുണ്ട്.
ധർമ്മരാജൻ ആദ്യമായി ജില്ലാ കമ്മിറ്റി ഓഫീസിൽ വരുമ്പോൾ സംസ്ഥാന അദ്ധ്യക്ഷനും ജില്ലാ അദ്ധ്യക്ഷനും ഉണ്ടായിരുന്നു. അവരോട് സംസാരിച്ചതിനുശേഷം അയാൾ പോയി. ധർമ്മരാജൻ പോയതിനുശേഷമാണ് തിരഞ്ഞെടുപ്പിന് വേണ്ട മെറ്റീരിയലുകൾ എത്തിക്കുന്നയാളാണെന്ന് പറഞ്ഞത്. ആറുചാക്കുകൾ ഓഫീസിന് മുകളിൽ കൊണ്ടുവച്ചതിനുശേഷമാണ് അതിനുള്ളിൽ പണമാണെന്ന് അറിഞ്ഞത്'- എന്നാണ് തിരൂർ സതീശിന്റെ പുതിയ വെളിപ്പെടുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |