കണ്ണൂർ: ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വിനി കുമാറിനെ (27) കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയൊഴികെ മറ്റെല്ലാ പ്രതികളെയും വെറുതെവിട്ടു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെതാണ് നടപടി. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് ആണ് വിധി പറഞ്ഞത്. മൂന്നാം പ്രതിയായ ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് (38) മാത്രമാണ് കേസിലെ കുറ്റക്കാരൻ. കേസിലെ പ്രതികളായിരുന്ന ബാക്കി 13 എൻഡിഎഫ് പ്രവർത്തകരെയും കോടതി വെറുതെവിട്ടു. കേസിലെ ശിക്ഷ ഈ മാസം 14ന് വിധിക്കും.
കേസിലെ പ്രതികളുമായി വ്യക്തിബന്ധമോ വിരോധമോ ഇല്ലാതിരുന്ന വ്യക്തി, മതപരമായ അസഹിഷ്ണുതയുടെ പേരിൽ ക്രൂരമായി കൊല ചെയ്യുപ്പെടുകയായിരുന്നുവെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ബി.പി.ശശീന്ദ്രൻ പറഞ്ഞു. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും തെളിവെടുപ്പ് നടത്തുന്നതിലും വീഴ്‌ച നേരിട്ടുവെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
2005 മാർച്ച് 10ന് രാവിലെ പത്തേകാൽ മണിക്ക് കണ്ണൂരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ഇരിട്ടി പഴയഞ്ചേരി മുക്കിൽ വച്ച് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പാരലൽ കോളേജിൽ അദ്ധ്യാപകനായിരുന്നു അശ്വിനി കുമാർ. മികച്ച പ്രഭാഷകനുമായിരുന്നു.
മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40), പി.കെ.അസീസ് (38), ചാവശ്ശേരിയിലെ ഷരീഫ മൻസിലിൽ എം.വി. മർഷൂദ് (38), ശിവപുരത്തെ പുതിയ വീട്ടിൽ പി.എം.സിറാജ് (38), ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവിലകണ്ടി എം.കെ.യുനസ് (43), ശിവപുരം എ.പി.ഹൗസിൽ സി.പി.ഉമ്മർ (40), ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ.അലി (45), കൊവ്വമൽ നൗഫൽ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം.വീട്ടിൽ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49), ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീർ (40) എന്നിവരാണ് വിചാരണ നേരിട്ടത്.
ക്രൈംബ്രാഞ്ച് ഓഫീസർമാരായ പി.കെ.മധുസൂദനൻ, കെ.സലീം, എം.ദാമോദരൻ, ഡി.സാലി, എം.സി.കുഞ്ഞുമൊയ്തീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 2009 ജൂലായ് 31ന് കുറ്റപത്രം നൽകി. വിളക്കോട്ടെ മാവില വീട്ടിൽ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |