അബുജ: മുൻകാമുകനോടുളള പക തീർക്കാൻ പെൺകുട്ടിയുണ്ടാക്കിയ കൊടിയ വിഷം കലർന്ന പെപ്പർ സൂപ്പ് കഴിച്ച അഞ്ച് പേർക്ക് ദാരുണാന്ത്യം. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ കാമുകി ഐഷാ സുലൈമാനെ (16) അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ കാമുകൻ ഇമ്മാനുവൽ എലോജിയും (19)നാല് സുഹൃത്തുക്കളുമാണ് കൊല്ലപ്പെട്ടത്.
ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തനുസരിച്ച് അഞ്ച് പേരെ വീട്ടിനുളളിലെ മുറിക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബാംഗങ്ങളെ നാളുകളായി പുറത്ത് കാണാതിരുന്നതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പ്രതികാര കഥ പുറത്തുവന്നത്. മുൻ കാമുകനോടുളള പക തീർക്കാൻ വേണ്ടിയാണ് പെപ്പർ സൂപ്പിൽ കൊടിയ വിഷം കലർത്തിയത്. യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി.
എഡോ സ്റ്റേറ്റ് പൊലീസ് വക്താവ് മോസസ് യാമുവും സംഭവത്തിൽ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ പരിശോധന നടന്നുവരികയാണ്. അഞ്ച് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഭക്ഷ്യവിഷബാധയോ ജനറേറ്ററിൽ നിന്ന് വിഷപ്പുക ശ്വസിച്ചതിലൂടെയോ ആകാമെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നാലെയാണ് നിർണായക തെളിവുകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |