തിരുവനന്തപുരം: തെക്കുള്ളവരോട് മലബാറിലുള്ളവർക്ക് പണ്ടൊക്കെ പുച്ഛമായിരുന്നത്രേ. തെക്കനെയും മൂർഖനെയും ഒരുമിച്ചു കണ്ടാൽ... എന്നു തുടങ്ങുന്ന ഒരു പഴഞ്ചൊല്ലു തന്നെയുണ്ട് മലബാറിൽ. പക്ഷേ, ഇനി അങ്ങനെയാരും ചിന്തിക്കപോലുമില്ല. വടക്കൻ ജില്ലകൾ പ്രളയത്തിൽ മുങ്ങിയപ്പോൾ തെക്കേ അറ്റത്ത് തിരുവനന്തപുരത്തുനിന്നും ഇന്നലെ വരെ പോയത് പതിമ്മൂന്ന് ടണ്ണിലേറെ സ്നേഹമാണ്. അത് സഹായമല്ല, പിന്തുണയാണ്. അതിജീവനത്തിനുള്ള കരുത്താണ്.
ആദ്യം കളക്ഷൻ സെന്ററുകളിലേക്ക് സാധനം എത്തിക്കാൻ ചിലർ തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷം ഉത്സാഹത്തോടെ മുന്നിട്ടിറങ്ങിയവർ പോലും ഒന്നു മടിച്ചു. എന്നാൽ പ്രളയത്തിൽ മുങ്ങിയവരുടെ ദുരിതം അറിഞ്ഞപ്പോൾ തെക്കൻമാർക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ ക്യാമ്പുകളിലേക്ക് കൊടുക്കാനുള്ള സാധനങ്ങളുമായി കളക്ഷൻ സെന്ററുകളിലേക്ക് ഒഴുകി.
കിട്ടിയ ശമ്പളത്തിന്റെ മുക്കാലിനും കടകളിൽ കയറിയിറങ്ങി സാധനങ്ങൾ വാങ്ങി കളക്ഷൻ സെന്ററുകളിലെത്തിയവർ പോലുമുണ്ട്. ഇനിയും ഒരുപാട് വസ്തുക്കൾ ആവശ്യമായുണ്ട്. രാത്രി വൈകിയും സാധനങ്ങളുമായി ആളെത്തുന്നുണ്ടെന്ന് നഗരസഭാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലെ കോ-ഓർഡിനേറ്റർ പ്രകാശ് പറഞ്ഞു.
വലിയ പെരുന്നാൾ ദിനമായ ഇന്നലെ ഈദ് നമസ്കാരത്തിനു ശേഷം നല്ലൊരു വിഭാഗം വിശ്വാസികൾ കളക്ഷൻ സെന്ററുകളുമായി സഹകരിക്കാനിറങ്ങി. പെരുന്നാളിനായി കരുതി വച്ച പണം പ്രളയബാധിതർക്കായി വിനിയോഗിക്കണമെന്ന് പാളയം ഇമാം പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞത് ഏറെ പേരെ സ്വാധീനിച്ചു.
ചില മനുഷ്യർ പഠിപ്പിക്കുന്ന പാഠങ്ങൾ
അവധിയാണ്, വീട്ടിലിരിക്കാം, വേറെ ഒരുപാട് കാര്യങ്ങൾ ചെയ്യാം...എങ്കിലും അതൊക്കെ വേണ്ടെന്ന് വച്ചാണ് നിരവധി പേർ കളക്ഷൻ സെന്ററുകളിൽ സേവനം ചെയ്യുന്നത്. ആയിരത്തിലധികം വോളണ്ടിയർമാർ വിവിധ സെന്ററുകളിലായി പ്രവർത്തിക്കുന്നുണ്ട്. ഏറെയും യുവാക്കൾ. നഗരസഭാ ആസ്ഥാനത്തെ കളക്ഷൻ സെന്ററിൽ മടിയില്ലാതെ പ്രവർത്തിക്കുന്നവരിൽ ഒരു ഏഴാം ക്ലാസുകാരനുമുണ്ട്. ഉള്ളൂർ സ്വദേശി ഗോപാൽകൃഷ്ണ. അവൻ ഓടിനടന്ന് തന്നെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്യുന്നു. രാവിലെ എത്തി, വൈകിട്ട് അമ്മ വരും കൂട്ടിക്കൊണ്ട് പോകാൻ, അത് വരെ ഇവിടെയുണ്ടാകുമെന്ന് അഭിമാനത്തോടെ അവൻ പറഞ്ഞു. നെടുമങ്ങാട് സ്വദേശി അർജുൻ ബാംഗ്ലൂരിലെ ജോലിസ്ഥലത്തുനിന്നും അവധിക്ക് നാട്ടിലെത്തിയതാണ്. ഞായറാഴ്ച തൊട്ട് കളക്ഷൻ സെന്ററിൽ സജീവമാണ്.
ഇതുപോലെ ഒരുപാട് പേരുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് പഠിക്കാനും ജോലിക്കുമായി എത്തിയ നിരവധിപേർ ഇവിടെ രാവും പകലുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മഴ ഏറ്റവും നാശം വിതച്ച വയനാട്ടിൽ നിന്നുള്ളവരുമുണ്ട്. വീടുകളിലും കടകളിലും പോയി സാധനങ്ങൾ കളക്ട് ചെയ്യാനും പെൺകുട്ടികളടക്കം നിരവധിപേർ മുന്നിലുണ്ട്.ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എസ്.എം.വി സ്കൂളിലെ സെന്ററിലെ നന്ദു തന്റെ പിറന്നാൾ ആഘോഷിച്ചത് സെന്ററിൽ നിന്നാണ്. ബക്രീദ് ആയിട്ടും വീട്ടിൽ പോകാതെ കർമനിരതരായ വിദ്യാർത്ഥികളെയും കണ്ടു.
വഴുതക്കാട് ഗവ. വനിതാ കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പും സജീവമായി. പ്രസ്ക്ലബിൽ പ്രവർത്തിക്കുന്ന സെന്ററിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ശേഖരിക്കുന്ന സാധനങ്ങൾ മറ്റ് സ്കൂളുകളിലെ എൻ.എസ്.എസ് യൂണിറ്റുകളിൽ നിന്നുള്ള വസ്തുക്കൾക്കൊപ്പം ആവശ്യക്കാരിലെത്തിക്കും. യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭാരത് ഭവനിലെ കളക്ഷൻ സെന്ററിൽ ശേഖരിച്ച സാധനങ്ങളുമായി ഇന്നലെ മലപ്പുറത്തേക്ക് പോയ ആദ്യ ലോഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു.
ആവശ്യമുള്ള സാധനങ്ങൾ
കുടിവെള്ളം, അരി, പയറുവർഗങ്ങൾ, ഡ്രൈ ഫ്രൂട്സ്, ബിസ്കറ്റ്, ഉപ്പ്, തേയില, പഞ്ചസാര, റെസ്ക്, ബേബി ഫുഡ്, തേങ്ങ തുടങ്ങിയ ഭക്ഷണസാധനങ്ങൾ, ബെഡ്ഷീറ്റ്, തോർത്ത്, ലുങ്കി, നൈറ്റി, ടി ഷർട്ട്, അടിവസ്ത്രങ്ങൾ, കുട്ടികൾക്കുള്ള ഉടുപ്പുകൾ തുടങ്ങിയ തുണിത്തരങ്ങൾ, പായ, ടോർച്ച്, മെഴുകുതിരി, ലൈറ്റർ, സാനിറ്ററി നാപ്കിൻ, മരുന്നുകൾ, സോപ്പ്, ആന്റി സെപ്ടിക് ലോഷനുകൾ, മോപ്പ്, ഗംബൂട്ട്, വൈപ്പർ, ഫിനോയിൽ, ബ്ലീച്ചിങ്ങ് പൗഡർ, മാസ്ക്, കൈയുറ, ചൂൽ, മെറ്റൽ ഷീൽഡ് (കോരി), കുമ്മായം, മൺവെട്ടി, കുട്ട, മെറ്റൽ ചൂല്, ക്ലീനിംഗ് ലോഷനുകൾ തുടങ്ങിയവ.
കളക്ഷൻ സെന്ററുകൾ
തിരുവനന്തപുരം പ്രസ് ക്ളബ്, ഭാരത് ഭവനിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ കളക്ഷൻ സെന്റർ, വഴുതക്കാട് ഗവ. വനിതാ കോളേജ്, ടെക്നോപാർക്ക്, മാനവീയം വീഥി, കാര്യവട്ടം കാമ്പസ്, ഗവ. ആർട്സ് കോളേജ്, പട്ടം ഗവ. ഗേൾസ് സ്കൂൾ, പട്ടം സെന്റ് മേരീസ് സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, ഗാന്ധിപാർക്ക്, ലാ കോളേജ്, വട്ടവിള ട്രാവൻകൂർ നാഷണൽ സ്കൂൾ, കോട്ടൺഹിൽ സ്കൂൾ.
ഇനിയും വേണം കരുതൽ
രണ്ട് ലക്ഷത്തിലധികം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി സംസ്ഥാനത്തുടനീളമുള്ളത്. പഴയ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഒരുപാട് നാളുകളെടുക്കും. സമ്പത്തെന്ന് പറയാനുള്ളതെല്ലാം നഷ്ടപ്പെട്ടവരാകും ഭൂരിഭാഗവും. അവർക്ക് സഹായമെത്തിക്കാൻ പ്രളയം ദുരിതം വിതയ്ക്കാത്ത തലസ്ഥാനത്തിന് കഴിയും. അതുകൊണ്ട് കരുണ വറ്റരുത്. വ്യാജപ്രചാരണങ്ങളിൽ വീഴുകയും ചെയ്യരുത്. വെള്ളമിറങ്ങി തുടങ്ങുമ്പോൾ ഇനിയേറെ ആവശ്യം ക്ലീനിംഗ് വസ്തുക്കളാണ്. മോപ്പ്, ഗ്ലൗസ്, ലോഷനുകൾ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവ ഇതിൽ പെടും.
മരുന്നുകളും വേണ്ടത്ര ലഭിക്കുന്നില്ല. ഓരോ സെന്ററുകളിലും ആവശ്യമുള്ള മരുന്നുകളുടെ ലിസ്റ്ര് പ്രദർശിപ്പിച്ചിട്ടുണ്ട്. അത് പ്രകാരം മരുന്നുകൾ എത്തിക്കാം. പായ, ടോർച്ച്, ബാറ്ററി എന്നിവയെല്ലാം ഇനിയും വാങ്ങി നൽകാവുന്നതാണ്. ഇവയൊക്കെ ആവശ്യപ്പെട്ട് നിരവധി ഫോൺ കാളുകൾ വരുന്നുണ്ടെന്ന് സെന്ററുകളിൽ നേതൃത്വം വഹിക്കുന്നവർ പറയുന്നു. വസ്ത്രങ്ങൾ വാങ്ങി നൽകുന്നവർ ഒരു സൈസ് തന്നെ വാങ്ങാതെ എല്ലാ സൈസുകളും വാങ്ങണം. കുഞ്ഞുങ്ങൾക്കുള്ള ലാക്ടോജൻ പോലുള്ള ആഹാരവസ്തുക്കൾ സെന്ററുകളിൽ ആവശ്യത്തിനെത്തുന്നില്ല. പാത്രങ്ങളും ആവശ്യമുണ്ട്.
ഹെൽപ്പ ്ലൈൻ നമ്പരുകൾ
9496434503, 95393 21711, 9961465454, 9497479423, 9895277257, 9446382728, 9074545556.