കൊച്ചി: വടുതല സ്വദേശിനി വിദേശജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ മലയാളിയുവാക്കൾ മ്യാൻമറിൽ ആയുധധാരികളായ സൈബർ തട്ടിപ്പ് സംഘത്തിന്റെ വലയിലായതായി പരാതി.
എളമക്കരയിലും ചങ്ങനാശേരിയിലുമുള്ള രണ്ട് യുവാക്കളാണ് മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ടിരിക്കുന്നത്. ദുബായിൽ പ്രവർത്തിക്കുന്ന ഡേ ടുഡേ എന്ന കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് എറണാകുളം വടുതല സ്വദേശിനിയാണ് ഇവരെ മ്യാൻമറിൽ എത്തിച്ചതെന്ന് എളമക്കര സ്വദേശിയായ യുവാവിന്റെ മാതാപിതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജോലി വാഗ്ദാനംചെയ്ത് 40000 രൂപവീതം ഓരോരുത്തിരിൽനിന്നും ഇടനിലക്കാരി പ്രതിഫലം വാങ്ങിയിട്ടുണ്ട്. പിന്നീട് ദുബായിലെ കമ്പനിയിൽ ഒഴിവില്ലെന്നും പകരം അതേ കമ്പനിയുടെ ബാങ്കോക്കിലുള്ള ബ്രാഞ്ചിൽ ജോലി ശരിയാക്കിയെന്നും വിശ്വസിപ്പിച്ച് കഴിഞ്ഞ സെപ്തംബർ 28ന് ബാങ്കോക്കിലേക്കും പിന്നീട് മണിക്കൂറുകളോളം യാത്രചെയ്ത് വാഹനത്തിലും വള്ളത്തിലുമായി മ്യാൻമറിലേക്കും കടത്തുകയുമായിരുന്നു. മ്യാൻമറിൽ പട്ടാളവേഷധാരികളായ മലയാളികൾ ഉൾപ്പെടുന്ന ഓൺലൈൻ തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി ആവശ്യത്തിന് ഭക്ഷണംപോലും നൽകാതെ യുവാക്കളെ പീഡിപ്പിച്ച് പണിയെടുപ്പിക്കുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞു.
ഓൺലൈൻ തട്ടിപ്പ് കേന്ദ്രമാണെന്ന് മനസിലാക്കിയ യുവാക്കൾ ജോലിചെയ്യാൻ വിസമ്മതിച്ചെങ്കിലും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ജോലിചെയ്യിപ്പിച്ച് വരികയാണെന്നും മലയാളികൾ അടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാർ അവിടെ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് യുവാവ് ബന്ധുക്കളെ അറിയിച്ചത്. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിനും മ്യാൻമറിലെ ഇന്ത്യൻ എംബസി, കേരള മുഖ്യമന്ത്രി, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |