അഞ്ചൽ: കേരള കൗമുദി അഞ്ചൽ ഫെസ്റ്റിലെ മുഖ്യ ആകർഷണമായ ശിലാ മ്യൂസിയത്തിൽ ചരിത്രത്തിന്റെ വിസ്മയക്കാഴ്ചകൾക്ക് അറിവിന്റെ നിറം പകരുന്നത് പത്തുവയസുകാരി ബാലിക. ചരിത്ര പണ്ഡിതൻമാർ പോലും ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്ന കാര്യങ്ങൾപോലും ഈ ബാലിക ചടുലതയോടെ പറഞ്ഞുതരും.
ശിലാ മ്യൂസിയം ഡയറക്ടർ സന്തോഷിന്റെ മൂത്ത മകൾ അതുല്യയാണ് സന്ദർശകരെ വിസ്മയിപ്പിക്കുന്ന പ്രതിഭ. വേദികളിൽ അച്ഛനോടൊപ്പം മാജിക്കും അവതരിപ്പിക്കുന്ന അതുല്യയ്ക്ക് ലോകരാജ്യങ്ങളുടെ പേരും അവിടങ്ങളിലെ നാണയങ്ങളും കറൻസികളും അവ ഇറങ്ങിയ വർഷവും കാണാപ്പാഠമാണ്. ലോകത്തിലെ ഏറ്റവും ചെറിയ നാണയം, ഏറ്റവും ചെറിയ ബൈബിൾ, അലക്സാണ്ടർ ചക്രവർത്തി ഉൾപ്പെടെയുള്ള രാജാക്കന്മാരുടെ പ്രധാന സംഭാവനകൾ, പ്രാചീന കാലത്ത് ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ,ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ,പഴയകാല വാദ്യോപകരണങ്ങൾ, അപൂർവങ്ങളിൽ അപൂർവമായ ഔഷധചെടികൾ, തുടങ്ങി അവിടെയുള്ള എന്തിനെക്കുറിച്ചും ഈ കൊച്ചുമിടുക്കി പറഞ്ഞുതരും. കാണികളുടെ എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടിയും നൽകും.