കോട്ടയം: ഒന്നര മാസത്തിനുള്ളിൽ റബർ വില ഇടിഞ്ഞത് 75 രൂപ. കൈകാര്യ ചെലവിന്റെ പേരിൽ വ്യാപാരികൾ വീണ്ടും കുറക്കുന്നത് എട്ടു രൂപ . റബർ വില കിലോക്ക് 170 രൂപയിലും താഴേയ്ക്ക് വരുമ്പോൾ ടാപ്പിംഗ് നിറുത്തി റബർ കൃഷി ഉപേക്ഷിക്കുകയാണ് പലരും. വ്യവസായികൾ വിപണിയിൽ നിന്ന് വിട്ടുനിന്നു വില ഇടിക്കുന്ന ഗുരുതര സാഹചര്യം മുന്നിൽ കണ്ട് റബർബോർഡ് കഴിഞ്ഞ ദിവസം വ്യവസായികളുടെ യോഗം വിളിച്ചിരുന്നു. വില 140 രൂപയിലേക്ക് താഴ്ത്തണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. ഈ മാസം അരലക്ഷം ടൺ ഇറക്കുമതി റബർ കൂടി വിപണിയിലേക്ക് എത്തുന്ന സാഹചര്യത്തിൽ വില ഇനിയും ഇടിഞ്ഞേക്കും. അന്താരാഷ്ട്ര വിലയും ആഭ്യന്തര വിപണിക്കൊപ്പം ഇടിഞ്ഞു. ആറുമാസത്തിനിടെ ആദ്യമായാണ് രണ്ടു വിലയും ഇടിയുന്നത്. ബാങ്കോക്കിൽ ഒരാഴ്ചക്കിടെ ഏഴു രൂപ കുറഞ്ഞു 191 ആയി. ഇന്ത്യൻ വിപണിയിൽ റബർബോർഡ് വില 180ഉം വ്യാപാരി വില 172ഉം ആയി .
രണ്ടരലക്ഷം ടൺ റബറിന്റെ ഉത്പാദനം നടക്കുന്നത് നവംബർ മുതൽ ഫെബ്രുവരി വരെയാണ്. തങ്ങളുടെ ആവശ്യത്തിന് അഞ്ചു ലക്ഷം ടൺ റബർകൂടി ഈ വർഷം ഇറക്കുമതി ചെയ്യണമെന്നാണ് റബർബോർഡ് വിളിച്ച യോഗത്തിൽ വ്യവസായികൾ ആവശ്യപ്പെട്ടത്. വില പിടിച്ചു നിറുത്താനോ ഇറക്കുമതി നിയന്ത്രിക്കുന്നതിനോ ബോർഡ് ശക്തമായ നടപടി എടുക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
ഡിമാൻഡ് കൂടി, വിലയും
കുരുമുളക് വില കഴിഞ്ഞയാഴ്ച 500 രൂപ കൂടി, ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷ കാലത്ത് ഡിമാൻഡ് കൂടിയതും മസാല കമ്പനികൾ ആവശ്യക്കാരായതുമാണ് കാരണം. അതേ സമയം അന്താരാഷ്ട്ര വിപണിയിൽ ചൈനയുടെ വാങ്ങൽ കുറഞ്ഞതോടെ വില ഇടിഞ്ഞു. വിയറ്റ്നാം മുളക് വില 6885 ഡോളറായി താഴ്ന്നു. ശ്രീലങ്ക 6200, ബ്രസീൽ 6850 , ഇന്തോനേഷ്യ 7000 .ഇന്ത്യൻ മുളക് വില 7900 ഡോളറായി ഉയർന്നു നിൽക്കുകയാണ് .
ദീപാവലി സീസണിൽ ഏറെ ഡീമാൻഡുള്ള ഏലക്കായുടെ വില വലിപ്പം കൂടിയ ഇനങ്ങൾ കിലോ 2692 രൂപ. ശരാശരി 2268 രൂപ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |