കാസർകോട്: പൊതുഖജനാവിൽ നിന്നും ഉദ്യോഗസ്ഥർ മുഖാന്തിരം ചിലവഴിക്കുന്ന പണത്തിന്റെ പേരിൽ കണക്കു പറയേണ്ടിവരുന്ന രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ 'ന്നാ താൻ കേസ് കൊട്' സിനിമയിലെ മന്ത്രി കെ.പി.പ്രമനെ മലയാളിക്ക് മറക്കാനാകാത്ത പ്രതിനായകനാക്കിയ പ്രതിഭയാണ് ഇന്നലെ അന്തരിച്ച നടൻ ടി.പി.കുഞ്ഞിക്കണ്ണൻ. ചെറുവത്തൂർ കൊവ്വൽ സ്വദേശിയായ ഇദ്ദേഹം നൂറിലധികം നാടകങ്ങളിൽ കഥാപാത്രങ്ങളെ അനശ്വരമാക്കിയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്നത്.
'ന്നാ താൻ കേസ് കൊട്' സിനിമയിൽ രാഷ്ട്രീയക്കാരും അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധവും വെളിവാക്കുന്ന രംഗങ്ങളിലെല്ലാം കുഞ്ഞിക്കണ്ണന്റെ കെ.പി.പ്രേമൻ കൈയടി നേടി. നാട്ടുകാരനായ പി.പി. കുഞ്ഞിക്കൃഷ്ണന്റെ മജിസ്ട്രേറ്റും ടി.പി.കുഞ്ഞിക്കണ്ണന്റെ മന്ത്രി കഥാപാത്രവും തമ്മിലുള്ള കോടതിമുറിയിലെ രംഗങ്ങൾ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നതായിരുന്നു.
മികച്ച നാടക നടൻ, സംവിധായകൻ, നാടക രചയിതാവ്, ഹാർമോണിസ്റ്റ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ ആറു പതിറ്റാണ്ടുകൾ നിറഞ്ഞാടിയ ഈ പ്രതിഭ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും മികച്ച റോളിൽ എത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ജീവൻ ടിവിയിൽ സംപ്രേക്ഷണം ചെയ്ത അധികാരം എന്ന മെഗാ സീരിയലിലും അഭിനയിച്ചിരുന്നു.കണ്ണൂർ സംഘചേതനയുടെ പഴശ്ശിരാജ, സഖാവ് തുടങ്ങിയ നാടകങ്ങളിലും കുഞ്ഞിക്കണ്ണൻ തിളങ്ങിയിരുന്നു.
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ ആയി 2003 ൽ സർവ്വീസിൽ നിന്ന് വിരമിച്ച കുഞ്ഞിക്കണ്ണൻ ഫുട്‌ബോൾ, വോളിബോൾ ഷട്ടിൽ ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവയെ ഏറെ സ്നേഹിച്ചിരുന്നു. നന്മ ജില്ലാ വൈസ് പ്രസിഡന്റ് , സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ചെറുവത്തൂർ വി.വി.സ്മാരക കലാവേദി, എൻ.എ.എസ് ക്ലബ് എന്നിവയിലൂടെ ആയിരുന്നു കലാസാംസ്‌കാരിക രംഗങ്ങളിൽ തുടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |