തിരുവനന്തപുരം: ഒരാഴ്ചയ്‌ക്കിടെ 'ലഡു ചലഞ്ചിലൂടെ" ഇന്ത്യയിൽ നിന്ന് ഗൂഗിൾ പേ നേടിയത് രണ്ടുകോടിയിലേറെ അധിക പ്രതിദിന ഉപഭോക്താക്കളെ. ഒരാഴ്ചകൊണ്ട് രാജ്യത്ത് തരംഗമായ 'ലഡു ചലഞ്ചിൽ" മലയാളികളും പങ്കാളികളായി. ക്യാഷ് ബാക്ക് ക്യമ്പയിനാണ് ചലഞ്ചിനെ ഹിറ്റാക്കിയത്. ഈ മാസം ഏഴ് വരെയായിരുന്നു ചലഞ്ചെങ്കിലും ഇന്നലെ അവസാനിച്ചു.
ഗൂഗിൾപേയിൽ വിവിധ നിറങ്ങളിലുള്ള ആറ് ലഡുകളുടെ സ്റ്റിക്കറുകൾ ശേഖരിക്കുന്നതായിരുന്നു ചലഞ്ച്. സുഹൃത്തുക്കൾക്ക് സ്റ്റിക്കർ സമൂഹമാദ്ധ്യമങ്ങളിലൂടെ അയച്ചുകൊടുത്തും ഗൂഗിൾപേ വഴി റീച്ചാർജ് ചെയ്തും ബില്ലുകളടച്ചുമാണ് ലഡു നേടേണ്ടത്. ട്വിങ്കിൾ, ട്രെൻഡി, കളർ, ഫുഡ്ഡീ, ഡിസ്കോ, ദോസ്തി എന്നിങ്ങയാണ് ലഡുവിന്റെ പേരുകൾ. ട്വിങ്കിൾ ലഭിക്കാൻ പ്രയാസമായിരുന്നു. ആറെണ്ണവും ലഭിച്ച ചിലർ 1000 രൂപ വരെയും നേടി. ലഡുവിനായി അപരിചിതർക്ക് വരെ സന്ദേശം അയച്ചവരുമുണ്ടായിരുന്നു. കുട്ടികൾ ഗെയിമിന് അടിമപ്പെടുന്നുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. ദീപാവലിയോടടുപ്പിച്ച് 1000 രൂപ വരെ പലർക്കും ലഭിച്ചെങ്കിലും പിന്നീട് 50 രൂപയിൽ താഴെയാണ് ലഭിച്ചത്.
ലക്ഷ്യം ഫോൺപേയെ തോൽപ്പിക്കൽ
യു.പി.ഐ ആപ്പുകളിൽ കൂടുതൽ ഉപഭോക്താക്കളുള്ള ഫോൺപേയെ തോൽപ്പിക്കുന്നതാണ് ഗൂഗിൾപേയുടെ ലക്ഷ്യമെന്ന് സാങ്കേതികവിദഗ്ദ്ധർ പറയുന്നു. നിലവിൽ ഫോൺപേയുടെ മാർക്കെറ്റ് ഷെയർ 47.8 ശതമാനവും ഗൂഗിൾപേയുടേത് 33.6 ശതമാനവുമാണ്. ഉത്തരേന്ത്യയിലാണ് ഫോൺപേ ഉപഭോക്താക്കൾ കൂടുതൽ. ലോകമെമ്പാടും 67 ദശലക്ഷം ഉപഭോക്താക്കളാണ് ഗൂഗിൾപേക്കുള്ളത്.
'കടയിൽ നിന്ന് സാധനം വാങ്ങുമ്പോൾ ഗൂഗിൾപേ വഴി പണമടച്ചാൽ പോലും ലഡു കിട്ടുമെന്നാണ് കമ്പനി പറയുന്നത്. വിപണി കൈയടക്കാനും പരസ്യത്തിനുമുള്ള തന്ത്രമാണിത്".
- ഡിനു, സാങ്കേതികവിദഗ്ദ്ധൻ
വിപണി പങ്കാളിത്തം
ഫോൺപേ-47.8 %
ഗൂഗിൾപേ-33.6 %
പേടിഎം-13.2%
ആമസോൺ പേ-0.9%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |