കുണ്ടറ: ദന്താശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ യുവതിയെ, ഒപ്പം താമസിക്കുന്ന യുവാവ് ആശുപത്രിയിലെത്തി പെട്രോൾ ഒഴിച്ചു തീ കൊളുത്തി. കൂടിയ അളവിൽ സ്വന്തം ദേഹത്ത് പെട്രോൾ വീണതിനാൽ തീ ആളിപ്പടർന്ന് പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ.
നല്ലിലയിലെ സ്വകാര്യ ഡന്തൽ ക്ലിനിക്കിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുലിയില സ്വദേശിയായ സന്തോഷ്, സംഘ കടമുക്ക് സ്വദേശി രാജി എന്നിവർക്കാണ് പൊള്ളലേറ്റത്. സന്തോഷ് തിരുവനന്തപുരം മെഡി. ആശുപത്രിയിലും രാജി കൊല്ലം ജില്ലാ ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോയ ശേഷം വിവാഹം കഴിക്കാതെ സന്തോഷിനൊപ്പം താമസിക്കുകയായിരുന്നു യുവതി. ഇന്നലെ ഉച്ചയോടെ ക്ലിനിക്കിൽ എത്തിയ സന്തോഷും രാജിയും തമ്മിൽ ആശുപത്രിയുടെ ഇടനാഴിയിൽ വച്ച് വാക്കേറ്റം ഉണ്ടായി. തുടർന്ന് സന്തോഷ് കുപ്പിയിൽ കൈവശം ഉണ്ടായിരുന്ന പെട്രോൾ രാജിയുടെ ദേഹത്തേക്കൊഴിച്ചു. രാജി കൈ ഉയർത്തി തട്ടിത്തെറിപ്പിച്ചതിനാൽ പെട്രോൾ സന്തോഷിന്റെ ദേഹത്തേക്ക് കൂടുതലായി വീണു. ഈ സമയം, ഇടതു കൈയിൽ ഉണ്ടായിരുന്ന ലൈറ്റർ സന്തോഷ് തെളിച്ചതോടെ ഇരുവരുടെയും ദേഹത്തേക്ക് തീ ആളിപ്പടർന്നു. നിലവിളികെട്ട് ഓടിക്കൂടിയ നാട്ടുകാർ തീ കെടുത്തി ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |