കുന്നംകുളം: മെയിൻ റോഡ് പള്ളിപ്പെരുന്നാളിനിടെ കൗൺസിലറെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കുന്നംകുളം നഗരസഭ 22ാം വാർഡ് കുറുക്കൻപാറയിലെ സി.പി.എം കൗൺസിലർ എ.എസ്.സനലിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കുന്നംകുളം ഗുരുവായൂർ റോഡിലെ മെയിൻ റോഡ് പള്ളിപ്പെരുന്നാളിന്റെ ഭാഗമായി വിവിധ ആഘോഷ കമ്മിറ്റികളുടെ പെരുന്നാൾ ആഘോഷങ്ങൾ പള്ളിയിലേക്ക് കയറുന്നതിനിടെ പൊലീസ് ആഘോഷ കമ്മിറ്റിക്കാരെ തള്ളുകയും ഇത് സംബന്ധിച്ച് മറ്റൊരു പൊലീസുകാരനോട് സംസാരിച്ചുകൊണ്ടിരിക്കെ മൂന്നുപേർ അടങ്ങുന്ന സംഘമായെത്തിയ പൊലീസുകാർ കൗൺസിലറെ ലാത്തി ഉപയോഗിച്ച് അടിക്കുകയായിരുന്നു.
താൻ കൗൺസിലറാണെന്ന് അറിയിച്ചതോടെ അസഭ്യം പറഞ്ഞതായും വീണ്ടും മർദ്ദിക്കാൻ ശ്രമിച്ചതായും സനൽ പറഞ്ഞു. പൊലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ കൗൺസിലർ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി.ആർ.സന്തോഷിന് പരാതി നൽകുമെന്ന് കൗൺസിലർ പറഞ്ഞു. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, പി.എം.സുരേഷ്, പ്രിയ സജീഷ്, ടി.സോമശേഖരൻ എന്നിവർ പരിക്കേറ്റ സനലിലെ ആശുപത്രിയിൽ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |