ന്യൂഡൽഹി: നിരോധനം ലംഘിച്ച് ദീപാവലി ദിനത്തിൽ വ്യാപകമായി പടക്കം പൊട്ടിച്ചതോടെ ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായി.ഡൽഹിയിൽ ഇന്നലെ രാവിലെ വായു ഗുണനിലവാര സൂചിക(എ.ക്യു.ഐ) ശരാശരി 'വളരെ മോശം വിഭാഗത്തിലുള്ള 362 രേഖപ്പെടുത്തി. മാലിന്യം നിറഞ്ഞ മൂടൽമഞ്ഞ് കാരണം പകൽ സൂര്യപ്രകാശം കുറവായിരുന്നു. അതിനിടെ യമുനാ നദിയിൽ മാലിന്യപ്പതയും രൂക്ഷമായി. ബിഹാർ അടക്കം ഉത്തരേന്ത്യക്കാരുടെ പ്രധാന ഉൽസവമായ ഛത്ത്പൂജയുടെ ഭാഗമായി മുങ്ങിക്കുളിക്കേണ്ട ഭാഗങ്ങളിലാണ് പത പ്രത്യക്ഷപ്പെട്ടത്.
അന്തരീക്ഷത്തിലെ പൊടി കുറയ്‌ക്കാൻ ഡൽഹിയിൽ ഉടനീളം 200 ഓളം മൊബൈൽ ആന്റിസ്മോഗ് ഗണ്ണുകൾ വിന്ന്യസിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. വർദ്ധിച്ചുവരുന്ന മലിനീകരണ തോത് നിയന്ത്രിക്കാൻ ഡൽഹി സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ വയലുകളിൽ വയ‌്‌ക്കോൽ കത്തിക്കുന്നതും വാഹനങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നുമുള്ള പുകയുമാണ് ഡൽഹിയിൽ വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |