നെയ്യാറ്റിൻകര: കാവിൻപുറം മണിയൻ കൊലക്കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്. 50000 രൂപ വീതം പിഴയും ഈടാക്കി. പിഴത്തുക നൽകിയില്ലെങ്കിൽ 6 മാസംകൂടി തടവ് അനുഭവിക്കണം. ഒന്നാം പ്രതി വിളപ്പിൽ ചൊവ്വള്ളൂർ കാവുംപുറം, വഞ്ചിയൂർക്കോണം കിഴക്കേക്കര പുത്തൻ വീട്ടിൽ പ്രസാദ് (40), രണ്ടാം പ്രതി വഞ്ചിയൂർക്കോണം ഉഷാ ഭവനിൽ അനുരാജൻ എന്നുവിളിക്കുന്ന അനി (56) എന്നിവരെയാണ് ശിക്ഷിച്ചത്. വിളപ്പിൽ ചൊവ്വള്ളൂർ, കാവുംപുറം, വഞ്ചിയൂർക്കോണം വീട്ടിൽ മണിയനെ (55)കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറിന്റെതാണ് വിധി. കേസിൽ ആകെ നാല് പ്രതികളെ പിടികൂടിയിരുന്നു. മൂന്നും നാലും പ്രതികളായ പ്രസാദിന്റെ അമ്മ കൃഷ്ണമ്മ (60), അനുരാജിന്റെ ഭാര്യ ഷൈലജ (52) എന്നിവരെ കോടതി വെറുതെവിട്ടു.
2014ലാണ് കേസിനാസ്പദമായ സംഭവം. പ്രതികളുടെ അയൽവാസിയായ മണിയൻ മദ്യപിച്ച് പ്രതികളെ അസഭ്യം പറയുന്നത് പതിവായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ മണിയന്റെ വീട്ടിൽ അതിക്രമിച്ചുകയറി പട്ടിയൽ കൊണ്ട് തലയ്ക്ക് അടിക്കുകയും പേപ്പർ കട്ടിംഗ് കത്തികൊണ്ട് ആഴത്തിൽ മുറിവേല്പിച്ചെന്നുമാണ് കേസ്. ചോര വാർന്ന് മണിയൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ദൃക്സാക്ഷിയായ ചന്ദ്രന്റെ മൊഴിയും തൊണ്ടിമുതലുകൾ പ്രതികളുടെ പക്കൽനിന്നും കണ്ടെത്തിയതും നിർണായക തെളിവായി.
പ്രോസിക്യുഷൻ 20 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകളും,13 കേസിൽപ്പെട്ട വസ്തുക്കളും ഹാജരാക്കി. വിളപ്പിൽശാല എസ്.ഐ പി.എസ്. സുജിത് പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ ആര്യനാട് എസ്.ഐ കെ.എസ്. അരുൺ, മഞ്ജുലാൽ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ, അഡ്വ.മഞ്ജിത എന്നിവർ ഹാജരായി.
(1)ഫോട്ടോ : ഒന്നാം പ്രതി പ്രസാദ്
(2)ഫോട്ടോ : രണ്ടാം പ്രതി അനുരാജ്
(3) ഫോട്ടോ : കൊല്ലപ്പെട്ട മണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |