കോവളം: വെങ്ങാനൂർ പനങ്ങോടിൽ മൃഗസംരക്ഷണ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്റെ രണ്ട് വീടുകളിലായി പാർക്ക് ചെയ്തിരുന്ന കാറും മൂന്ന് ബൈക്കുകളും തീയിട്ട് നശിപ്പിച്ചു.പനങ്ങോട് 'ശ്രീജാസിൽ' ശിവശങ്കരൻ നായരുടെ വാഹനങ്ങൾക്കാണ് തീയിട്ടത്.വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.
കോവളം എസ്.എച്ച്.ഒ വി.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം.ശിവശങ്കരൻ താമസിക്കുന്ന കുടുംബവീടായ 'ശ്രീജാസിലെ' ഷെഡിലുണ്ടായിരുന്ന രണ്ട് ബൈക്കുകളും വാടകയ്ക്ക് നൽകിയിരിക്കുന്ന തൊട്ടടുത്ത വീടിന്റെ ഷെഡിൽ സൂക്ഷിച്ചിരുന്ന മൂന്നുവർഷം പഴക്കമുള്ള കാറും വാടകക്കാരുടെ ബൈക്കുമാണ് കത്തിനശിച്ചത്.തീപടർന്ന് സമീപത്തുള്ള കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോറും അനുബന്ധ വൈദ്യുതിലൈനും കത്തിപ്പോയി.
ശിവശങ്കരൻ നായരുടെ ഭാര്യാമാതാവും റിട്ട.അദ്ധ്യാപികയുമായ സുമതിയാണ് കുടുംബ വീട്ടിലെ ഷെഡിലെ വാഹനങ്ങളിൽ തീ പടരുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി.ഇതേസമയം തന്നെ വാടകയ്ക്ക് നൽകിയിരിക്കുന്ന വീട്ടുവളപ്പിലും തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടു ചെന്ന് നോക്കിയപ്പോഴാണ് കാറും സമീപത്തെ ഷെഡിലുള്ള ബൈക്കും കത്തുന്നത് കണ്ടത്.ഉടൻ വിഴിഞ്ഞം ഫയർഫോഴ്സിനെ വിവരമറിയിച്ചു.എസ്.ടി.ഒ കെ.ജി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
ഏകദേശം പന്ത്രണ്ടര ലക്ഷത്തിന്റെ നഷ്ടമുണ്ടെന്ന് അധികൃതർ പറഞ്ഞു.ശിവശങ്കരൻ നായരുടെ ഭാര്യയുടെ അകന്ന ബന്ധുവായ ഓട്ടോ ഡ്രൈവറാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇയാൾക്കെതിരെ കുറച്ചുവർഷം മുൻപ് രണ്ട് പ്രാവശ്യം വീട് കയറി ആക്രമിച്ചതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. വീട്ടുടമയുടെ പരാതിയിൽ പ്രദേശവാസിയായ ഓട്ടോക്കാരനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ആരംഭിച്ചു.പ്രദേശത്ത് സി.സി ടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് ബുദ്ധിമുട്ടാവുന്നുണ്ട്.
ക്യാപ്ഷൻ: ശിവശങ്കരന്റെ വാടകയ്ക്ക് നൽകിയിരുന്ന വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി നശിച്ച നിലയിൽ, ബൈക്ക് കത്തി നശിച്ച നിലയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |