കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്ന് പുറപ്പെട്ട ബോട്ടും ഹൈക്കോടതി ഭാഗത്തുനിന്ന് വന്ന ബോട്ടുമാണ് കൂട്ടിയിടിച്ചത്. ഫോർട്ട് കൊച്ചിയിൽ നിന്നുവന്ന ബോട്ട് 50 മീറ്റർ സഞ്ചരിച്ചപ്പോഴായിരുന്നു അപകടം.
ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ബോട്ട് പിന്നോട്ടെടുത്തപ്പോൾ ഹൈക്കോടതി ഭാഗത്തുനിന്നുവന്ന ബോട്ടുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപായ മുന്നറിയിപ്പ് മുഴങ്ങിയതും ബോട്ടുകളിലൊന്നിന്റെ വാതിൽ തുറന്നതും യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. അപകടശേഷം രണ്ട് മെട്രോ ബോട്ടുകളും സർവീസ് പുനഃരാരംഭിച്ചു.
മെട്രോ ബോട്ടിൽ ലീക്കേജ് ഉണ്ടായിരുന്നുവെന്നും അപകടം നടന്നത് നിസാരമട്ടിലാണ് അധികൃതർ കൈകാര്യം ചെയ്തതെന്നും യാത്രക്കാർ പരാതിപ്പെടുന്നു. ആദ്യം പരാതി നൽകൂ, പിന്നീട് നടപടിയെടുക്കാമെന്നാണ് അധികൃതർ പറഞ്ഞതെന്നും യാത്രക്കാർ പറയുന്നു.
സംഭവത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അന്വേഷണം പ്രഖ്യാപിച്ചു. വലിയൊരു അപകടമല്ല, ചെറിയൊരു ഉരസൽ മാത്രമായിരുന്നുവെന്നാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്. റോറോ സർവീസിനായി വഴി കൊടുക്കുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്നും കെഎംആർഎൽ വ്യക്തമാക്കി. അപായ മുന്നറിയിപ്പ് മുഴങ്ങുമ്പോൾ സ്വാഭാവികമായി വാതിൽ തുറക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |