633 പോയിന്റോടെ തിരുവനന്തപുരം മുന്നിൽ
കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ദീപശിഖ തെളിയും മുമ്പേ, ഓവറോൾ ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ തിരുവനന്തപുരം ബഹുദൂരം മുന്നിൽ. കായികമേളയിൽ നടക്കേണ്ട 246 ഗെയിംസ് ഇനങ്ങൾ വേദികളുടെ കുറവും ദേശീയചാമ്പ്യൻഷിപ്പും പരിഗണിച്ച് നേരത്തെ പൂർത്തിയാക്കിയിരുന്നു. ഈ ഇനങ്ങളുടെ പോയിന്റും ഓവറോൾ ചാമ്പ്യൻഷിപ്പിനായി പരിഗണിച്ചതോടെയാണ് തലസ്ഥാനം ഏറെ മുന്നിലെത്തിയത്. 73 സ്വർണം, 56 വെള്ളി, 60 വെങ്കലമടക്കം 633 പോയിന്റാണ് മുൻ ചാമ്പ്യന്മാരുടെ സാമ്പാദ്യം.
പട്ടികയിൽ തൊട്ടുപിന്നിലുള്ള കണ്ണൂരിന് വെറും 307 പോയിന്റ് മാത്രം. 35 സ്വർണം, 25 വെള്ളി, 35 വെങ്കലം എന്നിങ്ങനെയാണ് കണ്ണൂരിന്റെ മെഡൽ നേട്ടം. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് മൂന്നാം സ്ഥാനത്താണ് -- 19 സ്വർണം, 33 വെള്ളി, 43 വെങ്കലം എന്നിവയടക്കം 283 പോയിന്റ്. ആതിഥേയരായ എറണാകുളം നാലാം സ്ഥാനത്തും മലപ്പുറം, കോഴിക്കോട് ജില്ലകൾ യഥാക്രമം അഞ്ചും ആറും സ്ഥാനത്തുമാണ്.
കായികമേളയ്ക്ക് മുമ്പേ 'രഹസ്യമായി" ഷൂട്ടിംഗ്, ചെസ്, ഹോക്കി മത്സരങ്ങൾ പൂർത്തിയാക്കിയത് വിവദമായിരുന്നു.
എറണാകുളവും പാലക്കാടും മാറിമാറി ഓവറോൾ ചാമ്പ്യന്മാരാകുന്നതാണ് സംസ്ഥാന സ്‌കൂൾ കായികമേളയിലെ പതിവ്. ഇത് അടിമുടി മാറുമെന്ന സൂചനയാണ് പോയിന്റ് പട്ടിക കാണിക്കുന്നത്. അത്‌ലറ്റിക്‌സിലെ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെ ചാമ്പ്യൻമാരെയും സ്‌കൂളുകളെയും നിശ്ചയിച്ചിരുന്നത്. ഇത്തവണ അത്‌ലറ്റിക്‌സിന് പുറമേ നീന്തലും ഗെയിംസും ഒരുകുടക്കീഴിലാണ്. ഒളിമ്പിക്‌സ് മാതൃക പിന്തുടരുമ്പോഴും പോയിന്റ് അടിസ്ഥാനത്തിൽ തന്നെയാണ് ഓവറോൾ ചാമ്പ്യന്മാരെ തീരുമാനിക്കുന്നത്.
ഓരോ മത്സരത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5, 3, 1 എന്നിങ്ങനെയാണ് പോയിന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |