സംസ്ഥാന സ്കൂൾ കായികമേള ഉദ്ഘാടനം ഇന്ന് കൊച്ചിയിൽ , മത്സരങ്ങൾ നാളെ മുതൽ
കൊച്ചി: പുതിയ വേഗവും ഉയരവും ദൂരവും പതറാത്ത കുതിപ്പുകളും തേടി കൗമാരപ്രതിഭകളുടെ കായികപ്പോരാട്ടം ഇനി കൊച്ചിയുടെ മണ്ണിനെ തീപിടിപ്പിക്കും. എട്ടുവർഷത്തിന് ശേഷം ഒളിമ്പിക്‌സ് പകിട്ടോടെ കായികമേള മെട്രോ നഗരത്തിലെത്തുമ്പോൾ ആവേശം ആകാശത്തോളം. 39 ഇനങ്ങളിലായി 24,000 താരങ്ങൾ മാറ്റുരയ്ക്കുന്ന കായികപൂരത്തിന് തുടക്കം കുറിച്ച് പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നു വൈകിട്ട് നാലിന് കായികമേളയുടെ ബ്രാൻഡ് അംബാസിഡർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ദീപം തെളിക്കും. ഔദ്യോഗിക ഉദ്ഘാടനംമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സംസ്‌കാരിക പരിപാടികൾ നടൻ മമ്മുട്ടി ഉദ്ഘാടനം ചെയ്യും. 3,500 വിദ്യാർത്ഥികൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെ ചടങ്ങുകൾക്ക് തുടക്കമാകും.
ഒരോജില്ലയിൽ നിന്നും 250 താരങ്ങൾ മാർച്ച് പാസ്റ്റിൽ അണിനിരക്കും. തുടർന്ന് ആലുവ മുതൽ ഫോർട്ട്‌കൊച്ചി വരെയുള്ള 32 സ്‌കൂളുകളിലെ നാലായിരം കുട്ടികളുടെ കലാപരിപാടികൾ മേളയ്ക്ക് മിഴിവേകും. ഉദ്ഘാടന ചടങ്ങിന് ശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. കൊച്ചിയെ പ്രതിനിധാനം ചെയ്ത് ക്വീൻ ഫ്‌ളവർ ഗേൾസും മാർച്ച് ചെയ്യും. 100 മുത്തുക്കുടകൾ അകമ്പടി സേവിക്കും. നാവിക എൻ.സി.സി കേഡറ്റുകളുടെ 24 കൊച്ചി ഫോർമേഷനും നടക്കും. തുടർന്ന് ആയിരം പേരുടെ മാസ്ഡ്രിൽ. പിന്നാലെ ആയിരംപേർ അണിനിരക്കുന്ന സൂംബ ഡാൻസ്. ആയിരംപേർ അണിനിരക്കുന്ന ഫ്രീഹാൻഡ് എക്‌സർസൈസും ക്യൂൻ ഒഫ് അറേബ്യൻ സീ സാംസ്‌കാരിക പരിപാടിയും കുട്ടികൾ അവതരിപ്പിക്കും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടുള്ള കലാപരിപാടിയും അരങ്ങേറും, നൃത്തരൂപങ്ങൾക്കൊപ്പം കരിമരുന്ന് പ്രയോഗവും ഉണ്ടാവും.
മത്സരങ്ങളിൽ 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14,17,19 കാറ്റഗറികളിലായി ഗൾഫ് സ്‌കൂളുകളിൽ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ആദ്യമായാണ് സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും ഗൾഫ് സ്‌കൂളുകളിലെ കുട്ടികളെയും സംസ്ഥാന സ്‌കൂൾ കായികമേളക്ക് ഒരുമിച്ചു പങ്കെടുപ്പിക്കുന്നത്.
വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. അബ്ദുറഹ്മാൻ, ആർ. ബിന്ദു, ജി.ആർ. അനിൽ, എം.ബി രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു എന്നിവർ മുഖ്യാതിത്ഥികളാവും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും.
എം.പി മാരായായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി ശ്രീനിജിൻ, കെ. ബാബു, കെ.എൻ. ഉണ്ണികൃഷ്ണൻ, ഉമാ തോമസ്, കെ.ജെ മാക്‌സി, മേയർ എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ് കെ. ഉമേഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധികചുമതലയുള്ള ജീവൻ ബാബു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |