പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി കാണാതായ തമിഴ്നാട് സേലം സ്വദേശിയായ ശുചീകരണ തൊഴിലാളി ലക്ഷ്മണന്റെ (48) മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയിൽ ഇന്നലെ നടത്തിയ തെരച്ചിലിൽ വൈകിട്ടോടെയാണ് പാലത്തിന്റെ തൂണിനോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം നാലായി.
കഴിഞ്ഞദിവസം വൈകിട്ട് 3.05ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്‌പ്രസ് തട്ടിയായിരുന്നു ദാരുണ സംഭവം. ട്രെയിൻ തട്ടി പുഴയിൽ വീണ ലക്ഷ്മണനായി ശനിയാഴ്ച തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാവിലെ മുതൽ ഫയർഫോഴ്സിന്റെ സ്‌കൂബാ ടീം ഉൾപ്പെടെ തെരച്ചിലിനെത്തിയിരുന്നു. മൃതദേഹം പൊലീസ് ഇൻക്വിസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ മരിച്ച തമിഴ്നാട് സേലം അടിമലൈ പുത്തൂർ റാണി (45), റാണിയുടെ സഹോദരി അടിമലൈ പുത്തൂർ വള്ളി (55), അടിമലൈ പുത്തൂർ ലക്ഷ്മണൻ (60) എന്നിവരുടെ മൃതദേഹം ഇന്നലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
നാലു ലക്ഷം
വീതം സഹായം
മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ മൂന്ന് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു.
ഒരു ലക്ഷം രൂപ വീതം റെയിൽവേയും ധനസഹായം നൽകും. അതേസമയം, തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി ശുചീകരണ കരാർ റെയിൽവേ റദ്ദാക്കി. കരാറുകാരനെതിരെ കേസെടുക്കുമെന്നും റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |