ശ്രീനഗർ: ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പ്രദേശവാസികൾക്ക് പരിക്ക്. സി.ആർ.പി.എഫ് സൈനികർക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി കച്ചവടക്കാരുടെ വണ്ടിയിൽ തട്ടി പൊട്ടിത്തെറിച്ചാണ് സമീപത്തുണ്ടായിരുന്ന പ്രദേശവാസി
കൾക്ക് പരിക്കേറ്റത്. ഗ്രനേഡ് എറിഞ്ഞ ഭീകരർക്കായി തെരച്ചിൽ തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ലാൽ ചൗക്കിലെ സൺഡേ മാർക്കറ്റിലായിരുന്നു ആക്രമണം. കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് (ടി.ആർ.സി) സമീപത്തായിരുന്നു സംഭവം.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സ്ഫോടനത്തെത്തുടർന്ന് ജനം ഏറെ നേരം പരിഭ്രാന്തിയിലായി. പൊലീസും സൈന്യവും പ്രദേശം വളഞ്ഞു. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ആക്രമണത്തെ അപലപിച്ചു. സംഭവത്തെത്തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു.
ഒരു വർഷത്തിനിടെ ശ്രീനഗറിൽ ഭീകരർ നടത്തിയ ആദ്യ ഗ്രനേഡ് ആക്രമണമാണിത്. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഖന്യാർ മേഖലയിൽ ഉസ്മാൻ ലഷ്‌കരി എന്ന ലഷ്കറെ ത്വയിബ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
''ആക്രമണം അസ്വസ്ഥതയുണ്ടാക്കുന്നു. കുറച്ചു ദിവസങ്ങളായി താഴ്‌വരയുടെ ചില ഭാഗങ്ങളിൽ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും തുടരുകയാണ്. നിരപരാധികളെ ലക്ഷ്യം വയ്ക്കുന്നതിൽ അർത്ഥമില്ല. ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണം. ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാനാവണം
-ഒമർ അബ്‌ദുള്ള
ജമ്മു കാശ്മീർ മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |