കൊച്ചി: വീട്ടുജോലിക്കെത്തിയ ഒഡിഷ സ്വദേശിയായ ആദിവാസി യുവതിയെ ജ്യൂസിൽ ലഹരിപദാർത്ഥം ചേർത്തുനൽകി പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷണം ഒളിവിൽ കഴിയുന്ന പ്രതി കെ. ശിവപ്രസാദിന്റെ സമ്പന്നനായ ബന്ധുവിലേക്ക്. 70കാരനായ പ്രതിക്ക് സംരക്ഷണമൊരുക്കുന്നത് ഈ ബന്ധുവാണെന്ന സംശയം ബലപ്പെട്ട സാഹചര്യത്തിലാണ് നീക്കം. ഉന്നത സ്വാധീനമുള്ള ബന്ധുവിനെ ഇന്നോ നാളെയോ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സംരക്ഷണമൊരുക്കിയെന്ന് തെളിഞ്ഞാൽ കേസെടുത്തേക്കും.
കഴിഞ്ഞ മാസം 15നായിരുന്നു സംഭവം. ഭാര്യ പുറത്തുപോയ സമയത്ത് പ്രതി ജ്യൂസിൽ ലഹരിപദാർത്ഥം കലർത്തി നൽകിയ ശേഷം കടന്നുപിടിച്ചു എന്നായിരുന്നു 22കാരിയുടെ ആദ്യമൊഴി. ബോധം മറഞ്ഞതിനാൽ തുടർന്നു നടന്നതൊന്നും അറിയില്ലെന്നും പറഞ്ഞു. അതിനാൽ, സ്ത്രീയുടെ മാന്യത ലംഘിച്ചതിനും ക്രിമിനൽ ബലപ്രയോഗത്തിനുമാണ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ പീഡനക്കുറ്റംചുമത്തി കേസ് എടുത്തു.
പീഡനത്തിനു ശേഷം പ്രതിയും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പോയി. യുവതിയെ അകത്താക്കി വീട് പൂട്ടിയിരുന്നു. മടങ്ങിവരവെയാണ് യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയ വിവരം പ്രതി അറിയുന്നത്. തുടർന്ന് ഒളിവിൽ പോയി. അതിനു ശേഷം ഇയാളുടെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്.
കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ പൊലീസ് അന്വേഷണത്തിനും വേഗംകൂടി. പ്രതിയെ ഏതുവിധേനയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണം.
ബംഗളൂരുവിലും കണ്ടെത്താനായില്ല
പ്രതി ബംഗളൂരുവിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയാനുള്ള സാദ്ധ്യതയറിഞ്ഞ് പൊലീസ് സംഘം അവിടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കെ. ശിവപ്രസാദ് അവിടെ വന്നിട്ടില്ലെന്നാണ് ബന്ധു പൊലീസിനെ അറിയിച്ചത്.
ഒടുവിൽ വരാപ്പുഴ
കെ. ശിവപ്രസാദിന്റെയും ഭാര്യയുടെയും ഫോണുകൾ വരാപ്പുഴ ഭാഗത്തുവച്ചാണ് സ്വിച്ച് ഓഫായത്. കൊച്ചിയിൽ നിന്നു പ്രതി ബന്ധുവിന്റെ സഹായത്തിൽ ഒളിസങ്കേതത്തിലേക്ക് മാറിയിരിക്കാമെന്നാണ് കരുതുന്നത്. കേരളം വിട്ടിരിക്കാമെന്ന സംശയവും പൊലീസിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |