ചേലക്കര: ചേലക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ് ഗോപി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ചേലക്കര പൊലീസിൽ പരാതി. പരാതിക്കാരനായ കോൺഗ്രസ് മീഡിയ പാനലിസ്റ്റ് അഡ്വ.വി.ആർ.അനൂപിന്റെ മൊഴി ചേലക്കര പൊലീസ് ഇന്നലെ രേഖപ്പെടുത്തി. മുഖ്യമന്ത്രിയെ പരസ്യമായി അധിക്ഷേപിച്ചിട്ടും സി.പി.എം പ്രതികരിക്കുകയോ പരാതി നൽകുകയോ ചെയ്തില്ല. പരസ്യമായ അധിക്ഷേപ പരാമർശത്തിൽ സ്വമേധയാ കേസെടുക്കാമെങ്കിലും പൊലീസ് അതും ചെയ്തില്ല. ഇതിലും ചെറിയ പരാമർശങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാതിയിൽ തുടർ നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആംബുലൻസ് യാത്ര: സുരേഷ്
ഗോപിക്കെതിരെ കേസ്
തൃശൂർ: പൂരം അലങ്കോലപ്പെട്ട ദിവസം സേവാഭാരതിയുടെ ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് കേസ്. ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് കേസ്. രോഗികളെ കൊണ്ടുപോകാനായി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതി.
പൊലീസ് മെഡലിലെ
അക്ഷരത്തെറ്റ്:
അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ അക്ഷരത്തെറ്റുണ്ടായതും അത് വിതരണം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി സതീഷ് ബിനോയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. നവംബർ ഒന്നിന് വിശിഷ്ട സേവനത്തിന് പൊലീസ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ അക്ഷരത്തെറ്റ് കണ്ടെത്തിയത്. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരത്തെറ്റുള്ള മെഡലുകൾ ആയിരുന്നു.
തിരുവനന്തപുരത്തെ ഭഗവതി ഏജൻസിയാണ് മെഡലുകൾ തയ്യാറാക്കിയത്. ഒക്ടോബർ 23നായിരുന്നു ഏജൻസിക്ക് ഓർഡർ നൽകിയത്. 29ന് ഭഗവതി ഏജൻസി മെഡലുകൾ കൈമാറി. അക്ഷരത്തെറ്റ് വന്ന മെഡലുകൾ ഉടൻ തിരികെ വാങ്ങി അടിയന്തരമായി പകരം നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് ഡി.ജി.പി നിർദ്ദേശം നൽകി. അതേസമയം, ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് വിതരണത്തിനു മുമ്പ് കണ്ടെത്താനോ പരിഹരിക്കാനോ ആഭ്യന്തര വകുപ്പിന് കഴിയാതെ പോയത് വലിയ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |