ന്യൂഡൽഹി: ജാർഖണ്ഡിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നടപടിയെന്നും,പ്രത്യേക നിയമം കൊണ്ടുവരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാഞ്ചിയിൽ ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കുകയായിരുന്നു.
അനധികൃത കുടിയേറ്റക്കാരിൽ നിന്ന് മിട്ടി,ബേട്ടി,റോട്ടി (ഭൂമി,മകൾ,ഭക്ഷണം) എന്നിവ ഭീഷണി നേരിടുന്നു. ഗോത്ര സ്ത്രീകളെ വിവാഹത്തിൽ കുരുക്കി അടക്കം ഭൂമി തട്ടിയെടുക്കുകയാണ്. ഇവ തിരിച്ചു പിടിക്കും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും. തദ്ദേശീയർക്ക് ബി.ജെ.പി സംരക്ഷണമൊരുക്കും. മനുഷ്യക്കടത്ത് 2027ഓടെ അവസാനിപ്പിക്കും. ഇതിനായി 'ഓപ്പറേഷൻ സുരക്ഷ' പ്രഖ്യാപിച്ചു. അടുത്ത രണ്ടുവർഷം കൊണ്ട് നക്‌സലിസം ഉന്മൂലനം ചെയ്യും. ഹേമന്ത് സോറന്റെ ഭരണത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ 29 ശതമാനത്തോളം ഉയർന്നുവെന്നും അമിത് ഷാ ആരോപിച്ചു. 13,20 തീയതികളിൽ രണ്ടുഘട്ടമായാണ് ജാർഖണ്ഡ് നിയമസഭയിലെ 81 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. നവംബർ 23ന് വോട്ടെണ്ണും.
ഗോത്ര വിഭാഗത്തെ
ചേർത്തുപിടിക്കും
സങ്കൽപ് യാത്ര എന്നു പേരിട്ട പ്രകടനപത്രികയിൽ സംസ്ഥാന രൂപീകരണത്തിന്റെ 25ാം വാർഷികം മുൻനിറുത്തി 25 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്. സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കും. എന്നാൽ,ആദിവാസി സമൂഹത്തെ അതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കും. ബി.ജെ.പി ആദിവാസി സമൂഹത്തെ കോഡിൽ ഉൾപ്പെടുത്തുമെന്നും,ഗോത്ര അവകാശങ്ങൾ നിഷേധിക്കുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറനും,ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാക്കളും വ്യാജപ്രചാരണം നടത്തുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. ഖനികൾ,വ്യവസായങ്ങൾ എന്നിവയ്‌ക്ക് വീടും ഭൂമിയും നൽകിയവരുടെ പുനരധിവാസം ഉറപ്പാക്കാൻ പ്രത്യേക കമ്മിഷൻ രൂപീകരിക്കും
500രൂപയ്‌ക്ക് എൽ.പി.ജി സിലിണ്ടർ
ഗോഗോ ദീദി പദ്ധതി പ്രകാരം സ്ത്രീകൾക്ക് 2100 രൂപ
അഞ്ചുലക്ഷം തൊഴിലവസരങ്ങൾ
2.87 ലക്ഷം സർക്കാർ ജോലികൾ
നീറ്റ് പരീക്ഷയിൽ ഉൾപ്പെടെ ചോദ്യപേപ്പർ ചോരുന്നതിൽ സി.ബി.ഐ അന്വേഷണം
ഇക്കോ ടൂറിസത്തിന്റെ ഹബ്ബാക്കും
10 പുതിയ മെഡിക്കൽ കോളേജുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |