ചെന്നൈ:വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, നീറ്റ് പരീക്ഷ എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ). പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പ്രമേയം പാസാക്കിയത്
ജനാധിപത്യത്തിന്റേയും ഫെഡറലിസത്തിന്റേയും തത്വങ്ങൾക്ക് വിരുദ്ധമാണ് ഒറ്റത്തിരഞ്ഞെടുപ്പും വഖഫ് നിയമഭേദഗതിയും. വഖഫ് ഭേഗതി ഉടൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പാർട്ടിയുടെ നയങ്ങളും ആശയങ്ങളും ശക്തമായി പിന്തുടരാനും വിജയ് അദ്ധ്യക്ഷനായി ചേർന്ന യോഗം തീരുമാനിച്ചു.
ഡി.എം.കെ. സർക്കാർ വ്യാജ വാഗ്ദാനങ്ങൾ നൽകി തമിഴ് നാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സ്റ്റാലിന്റെ ഭരണത്തിൽ തമിഴ്നാട്ടിലെ ക്രമസമാധാനനില തകർന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പാർട്ടി ആരംഭിച്ചു.
തമിഴ്നാട്ടിലുടനീളം പാർട്ടി അഡ്മിനിസ്‌ട്രേറ്റർമാരെ ഉടൻ നിയമിക്കും. സമ്മേളന പ്രവർത്തനങ്ങൾക്കായി വിജയ് നേരത്തേ വിവിധ ടീമുകൾ രൂപീകരിച്ചിരുന്നു. ആ ടീമുകളിൽ ഇടംപിടിച്ചവർക്കും നന്നായി പ്രവർത്തിച്ചവർക്കും പുതിയ ചുമതലകൾ നൽകും. ജില്ല, സർക്കിൾ, യൂണിയൻ, ബ്രാഞ്ച് സെക്രട്ടറിമാരെയാണ് നിയമിക്കേണ്ടത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒരു പോളിംഗ് സ്റ്റേഷനിൽ 10 വീതം ചുമതലക്കാരെ നിയോഗിക്കും. സംസ്ഥാന പര്യടനത്തിനു മുമ്പ് അഡ്മിനിസ്ട്രേറ്റർമാരെ നിയോഗിക്കും. പുതിയ ചാനലിന്റെ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.
വിജയ്ക്കുള്ള മറുപടി ഉദയനിധി നൽകും
ഡി.എം.കെയ്ക്ക് എതിരെ തമിഴക വെട്രി കഴകത്തിന്റെ വേദിയിൽ വിജയ് നടത്തിയ വിമർശനങ്ങൾക്ക് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മറുപടി നൽകും. ആദ്യ വേദി ടി.വി.കെ സമ്മേളനം നടന്ന വില്ലുപുരം തന്നെയായിരിക്കും. അവിടെ വലിയൊരു റാലി സംഘടിപ്പിക്കാൻ ഡി.എം.കെ ആലോചിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |