ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്കിടെ പതിനാലുകാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 65ഓളം സാധനങ്ങൾ. ബാട്ടറികൾ, ചെയിനുകൾ, ബ്ലേഡ്, സ്‌ക്രൂ തുടങ്ങിയ വസ്തുക്കളാണ് ഉണ്ടായിരുന്നത്. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശി ആദിത്യ ശർമ മരണത്തിന് കീഴടങ്ങി. ഒക്ടോബർ 28നായിരുന്നു സംഭവം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ജയ്പൂരിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ടെസ്റ്റുകൾക്ക് ശേഷം ഒക്‌ടോബർ 19ന് യു.പിയിലേക്ക് മടങ്ങി. രണ്ട് ദിവസത്തിന് ശേഷം, വീണ്ടും അസുഖം കൂടി. അലിഗഡിൽ നടത്തിയ സി.ടി സ്‌കാനിൽ മൂക്കിലുണ്ടായ തടസം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്‌തു. പിന്നാലെ ആദിത്യയ്ക്ക് വയറുവേദന തുടങ്ങി. 26ന് അലിഗഡിൽ അൾട്രാസൗണ്ട് പരിശോധന നടത്തി. ഇതിലാണ് 19 വസ്തുക്കൾ വയറിനുള്ളിൽ കുടുങ്ങിയതായി കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. നോയിഡയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ 42 വസ്തുക്കൾ കണ്ടെത്തി. തുടർന്ന് അടിയന്തര വൈദ്യസഹായത്തിനായി ആദിത്യയെ ഡൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ സ്‌കാനിംഗിൽ ആകെ 65 വസ്തുക്കളുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ കുട്ടിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 280 ആയി ഉയർന്നു.
തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.സാധനങ്ങൾ കുട്ടി വിഴുങ്ങിയതാകാനാണ് സാദ്ധ്യതയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിക്ക് കുടലിൽ അണുബാധയുണ്ടായിരുന്നു.
ഒക്‌ടോബർ 27ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സഫ്ദർജംഗ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയയിൽ കുട്ടിയുടെ വയറ്റിൽ നിന്ന് സാധനങ്ങൾ ഒന്നൊന്നായി നീക്കം ചെയ്തുവെന്നും പിതാവ് പറഞ്ഞു. എന്നാൽ ആദിത്യയ്ക്ക് വീണ്ടും വയറുവേദന ഉണ്ടായി. ഉടൻ തന്നെ മൂന്ന് വസ്തുക്കൾ കൂടി നീക്കം ചെയ്തു. അടുത്ത ദിവസം തന്റെ മകൻ മരിച്ചുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുടലിൽ അണുബാധ ഉണ്ടായതായി വ്യക്തമായെന്നും സഞ്ചേത് ശർമ പറഞ്ഞു. ഹത്രസിലെ ഒരു ഫാർമ കമ്പനിയിലെ ജീവനക്കാരനാണ് ആദിത്യയുടെ പിതാവ്. ഏക മകനായിരുന്നു ആദിത്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |