കുളനട : തെരുവുനായ്ക്കളുടെ കുരയും ബഹളവും കേട്ട് വിരണ്ട ആനയ്ക്കു മുകളിൽ കുടുങ്ങിയ പാപ്പാനെ മണിക്കൂറുകൾക്കു ശേഷം താഴെയിറക്കി. ഹരിപ്പാട് സ്വദേശി രതീഷിന്റെ അപ്പുവെന്ന ആനയുടെ ഒന്നാം പാപ്പാൻ ചേർത്തല സ്വദേശി കുഞ്ഞുമോനാണ് ആനയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ആനപ്പുറത്ത് കുടുങ്ങിയത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ആനപ്പുറത്ത് കയറിയ കുഞ്ഞുമോനെ രാത്രി പത്തുമണിയോടെ അനയ്ക്ക് മയക്കുമരുന്ന് കുത്തിവച്ചശേഷമാണ് താഴെയിറക്കിയത്. കുളനട ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പാണിൽ കല്ലുവരമ്പ് ഭാഗത്ത് ഇന്നലെ രാവിലെ 10.45നാണ് ആന പിണങ്ങിയത്.
പാപ്പാൻ കുഞ്ഞുമോൻ പനങ്ങാട് കല്ലുവരമ്പ് കിഴക്കേകര പറങ്കിനിൽക്കുന്നതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതിനാൽ ആനയെ സ്ഥിരമായി തളയ്ക്കുന്നത് കല്ലുവരമ്പിൽ ഭാഗത്താണ്. രാവിലെ അഴിച്ചു കൊണ്ടുപോകുന്നതിനിടെയാണ് പട്ടിയുടെ കുരകേട്ട് ആന നിന്നത്. തുടർന്ന് പാപ്പാന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കാതിരുന്നതോടെ രണ്ടാം പാപ്പാൻ വടികൊണ്ട് അടിച്ചു. ഇതോടെ വിരണ്ട ആന സമീപത്തുള്ള റബർത്തോട്ടത്തിൽ കയറി മരങ്ങൾ മറിച്ചിടുകയും തെങ്ങ് പിഴുതിടുകയും ചെയ്തു.ഇതിനു ശേഷമാണ് തളച്ചത്. ആനയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒന്നാം പാപ്പാൻ ആനപ്പുറത്തുനിന്ന് ഇറങ്ങാനാകാതെ കുടുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |