ബ്രാംപ്‌ടൺ: കാനഡയിൽ ഹൈന്ദവ ക്ഷേത്രപരിസരത്ത് ആക്രമണം. ബ്രാംപ്‌ടണിലെ ഹിന്ദു സഭാ മന്ദിറിന്റെ പരിസരത്താണ് ഖാലിസ്ഥാൻ കൊടികളുമായി എത്തിയ ആളുകൾ ആക്രമണം നടത്തിയത്. ഹിന്ദു സഭാ മന്ദിറിൽ ദർശനത്തിനെത്തിയവർക്ക് നേരെ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി വടിയുപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു.
സംഭവത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ശക്തമായി അപലപിച്ചു. അക്രമം അംഗീകരിക്കാനാവില്ലെന്നും ട്രൂഡോ പറഞ്ഞു. ഖാലിസ്ഥാൻ വാദികളുടെ ആക്രമണത്തെ കനേഡിയൻ പാർലമെന്റംഗം ചന്ദ്ര ആര്യയും അപലപിച്ചു. 'കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ അതിരുകടന്നു, ബ്രാംപ്‌ടണിലെ ഹിന്ദു സഭാ മന്ദിർ പരിസരത്തിൽ ഹിന്ദു കനേഡിയൻ ഭക്തരുടെ നേരെ ഖാലിസ്ഥാൻ നടത്തിയ കടന്നാക്രമണം രാജ്യത്ത് എത്രത്തോളം ആഴത്തിൽ ഖാലിസ്ഥാൻ തീവ്രവാദം വ്യാപിച്ചെന്ന് കാണിക്കുന്നു.' ചന്ദ്ര ആര്യ എക്‌സിൽ കുറിച്ചു.
രാഷ്‌ട്രീയത്തിന് പിറകെ നിയമനിർവഹണ സംവിധാനത്തിലും ഖാലിസ്ഥാനികൾ നുഴഞ്ഞുകയറിയതായി സംശയിക്കുന്നതായി ചന്ദ്ര ആര്യ ആശങ്ക പ്രകടിപ്പിച്ചു. കാനഡയിൽ ആവിഷ്‌കാര സ്വാതന്ത്ര്യ നിയമത്തിന്റെ പേരിൽ ഖാലിസ്ഥാനികൾക്ക് കടന്നുവരാൻ സൗജന്യ പാസ് ലഭിക്കുന്നതിൽ അതിശയമില്ലെന്നും കനേഡിയൻ ഹിന്ദു വിഭാഗക്കാർ അവരുടെ അവകാശങ്ങളെ ഉറപ്പാക്കാനും സമൂഹത്തിന്റെ സുരക്ഷയ്‌ക്ക് രാഷ്‌ട്രീയക്കാർ ഉത്തരവാദിത്വത്തോടെ പെരുമാറാൻ ഇടയാകണമെന്നും അദ്ദേഹം പറഞ്ഞു.
കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറെ പൊളിയെവെറെയും ക്ഷേത്രപരിസരത്തെ ആക്രമണത്തിൽ അപലപിച്ചു. എല്ലാ കാനഡക്കാർക്കും അവരുടെ മതാചാരം പാലിക്കാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര പോരാട്ടവും ആരോപണങ്ങളും കാരണം സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കാനഡയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |