മാഡ്രിഡ്: സ്‌പാനിഷ് രാജാവ് ഫിലിപ്പ് ആറാമനും ഭാര്യ ലെറ്റീസിയ രാജ്ഞിക്കും നേരെ ചെളി വാരിയെറിഞ്ഞ് ജനം. ഇന്നലെ ഇരുവരും വാലൻസിയ പ്രവിശ്യയിലെ പൈപോർട്ട നഗരത്തിൽ പ്രളയ ബാധിത പ്രദേശം സന്ദർശിക്കവെ ആയിരുന്നു സംഭവം. ജനക്കൂട്ടം രാജാവിനെ 'കൊലപാതകി" എന്ന് വിളിച്ച് രോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് നേരെയും പ്രതിഷേധമുണ്ടായി. മൂവരെയും സുരക്ഷാ ഉദ്യോഗസ്ഥർ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. ജനക്കൂട്ടത്തെ ശാന്തമാക്കാൻ രാജാവും രാജ്ഞിയും ഒരു മണിക്കൂറോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ദുരന്ത ബാധിത മേഖലയിലേക്ക് നിശ്ചയിച്ച സന്ദർശനം ഫിലിപ്പ് രാജാവ് റദ്ദാക്കി. കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ പേമാരിക്ക് പിന്നാലെയുണ്ടായ പ്രളയത്തിൽ 214 പേരാണ് സ്പെയിനിൽ മരിച്ചത്. അധികൃതർ കൃത്യമായ മുന്നറിയിപ്പ് നൽകാത്തതും രക്ഷാപ്രവർത്തനത്തിൽ വരുത്തിയ അനാസ്ഥയും മരണം ഉയരാൻ കാരണമായെന്ന് ജനങ്ങൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |