മുംബയ്: പത്ത് വർഷത്തിലേറെയായി സ്വന്തം മണ്ണിൽ ഒരു ടെസ്‌റ്റ് പോലും തോറ്റിട്ടില്ലാത്ത ഇന്ത്യയ്‌ക്ക് ന്യൂസിലാന്റ് പരമ്പരയിൽ കാലിടറിയിരുന്നു. ഒന്നും രണ്ടും മൂന്നും ടെസ്‌റ്റുകളിൽ ന്യൂസിലാന്റ് ജയിച്ചതോടെ 3-0 എന്ന നാണക്കേടും ഇന്ത്യയ്‌ക്ക് പരമ്പരയിലുണ്ടായി. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഗൗതം ഗംഭീറിന്റെ പരിശീലന കാലയളവിൽ ഇന്ത്യയ്‌ക്ക് പറയാൻ മികച്ചൊരു വിജയം പോലുമില്ല. ഇതോടെ ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവിയെക്കുറിച്ച് ചോദ്യം ഉയരുന്നുണ്ട്.
ടെസ്റ്റ് നായകൻ രോഹിത്ത് ശർമ്മ, മുൻ നായകൻ വിരാട് കൊഹ്‌ലി, സ്‌പിന്നർ അശ്വിൻ, ജഡേജ എന്നീ നാല് സീനിയർ താരങ്ങൾ ഒന്നിച്ചുള്ള അവസാന ഹോം പരമ്പരയാണ് ഇപ്പോൾ കഴിഞ്ഞത് എന്നാണ് സൂചന. 2011ൽ അന്ന് ബിസിസിഐ ചെയ്‌ത പോലെ മെല്ലെയുള്ള നടപടിയിലേക്ക് കടക്കാതെ ഉടൻ അടുത്ത നടപടിയിലേക്ക് കടക്കാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കം ദേശീയ മാദ്ധ്യമങ്ങൾ നൽകുന്ന വിവരം. അന്ന് ധോണിയുടെ നേതൃത്വത്തിലെ ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലും ഇംഗ്ളണ്ടിലും തോറ്റിരുന്നു. ഇതോടെ 2012ൽ ലക്ഷ്‌മണും ദ്രാവിഡും 2013ൽ സച്ചിനും വിരമിച്ചു.
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ എത്തിയില്ലെങ്കിൽ നടപടി ഉടൻ ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. അഞ്ച് ടെസ്‌റ്റ് മത്സരങ്ങളിൽ നാലെണ്ണത്തിലും ഇന്ത്യയ്‌ക്ക് ജയിച്ചേ തീരൂ ഫൈനലിലെത്താൻ. ഇതുവരെയുള്ള മത്സരങ്ങളിൽ മികച്ച ജയം നേടി ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് സാദ്ധ്യത പട്ടികയിൽ ഒന്നാമതായിരുന്ന ഇന്ത്യ ന്യൂസിലാന്റ് പരമ്പര തോറ്റതോടെ രണ്ടാമതായി.
ഓസ്‌ട്രേലിയൻ ടെസ്‌റ്റ് പരമ്പരയ്‌ക്ക് ഇന്ത്യ നവംബർ 10നാണ് പുറപ്പെടുക. നിലവിൽ അശ്വിന് പകരം വാഷിംഗ്‌ടൺ സുന്ദറിനെയും ജഡേജയ്‌ക്ക് പകരം അക്‌സർ പട്ടേലിനെയും ഭാവിയിൽ ഉൾപ്പെടുത്താനാകും. റുതുരാജ് ഗെയ്‌ക്‌വാദടക്കം ഒരുപിടി മികച്ച യുവ ബാറ്റർമാർ ടെസ്‌റ്റിൽ അരങ്ങേറാൻ കാത്തിരിക്കുന്നു. ഏകദിന, ട്വന്റി20 ടീമംഗമായ സഞ്‌ജു സാംസൺ ടെസ്‌റ്റും കളിക്കണമെന്ന് ന്യൂസീലാന്റ് മുൻ താരം സൈമൺ ഡൗൾ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ടീമിലെ തലമുതിർന്ന താരങ്ങളുടെ ഭാവി ഉടനെ തീരുമാനിക്കാൻ കഴിയുന്നതാകും വരും ദിവസങ്ങളിലെ ഇന്ത്യയുടെ പ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |